Tuesday, December 1, 2009

സര്‍ഗ്ഗം


മഴയിലൂടാരോ നടന്നകലുന്നു
വഴിതിരിയാതെ നിഴലുകൾ പിന്നിൽ
പകച്ചു നിൽക്കുന്നു, തനിച്ചിരിക്കയാൽ
പനിക്കുമോർമ്മകൾ തളർന്നു വീഴുന്നു.
പൊരുതി വീണവർ ചൊരിഞ്ഞ ചോരയിൽ
തിരിച്ചു വന്നവർ കരഞ്ഞു തീരുന്നു.
കുരുതിക്കായ് കളമൊരുക്കിവച്ചിട്ട്
അറവുമാടിന്കുടിക്കാനേകുന്നു.
കുരുന്നുവായ്ക്കുള്ളിൽ വരൾമുലതള്ളി
കരച്ചിലമ്മമാർ പകുത്തെടുക്കുന്നു.
കുലമൊടുങ്ങുന്നു കുലദൈവം സ്വന്തം
തറ തിരഞ്ഞ് കരഞ്ഞ് പായുന്നു.

ചെകിളയിൽ നീരു കുടുങ്ങയാൽ കടൽ-
വെടിഞ്ഞ് മീനുകൾ കരക്കു കേറുന്നു.
ഇരിക്കുവാൻ കൊമ്പ് തിരഞ്ഞ് പക്ഷികൾ
പരന്ന മാനത്ത് പറന്ന് തീരുന്നു.

ഉറവുകൾ തേടി നടന്നൊരാളുടെ
ഉടലിൽ കള്ളിമുൾ കിരീടമേറുന്നു.
കൊടുപ്പാനും കൂടെ നടത്താനും നീണ്ട
കരങ്ങളിൽ ആണിപ്പഴുത് വീഴുന്നു.

മടുത്ത്, കാഴ്ച്ചയിൽ മനം തകർന്ന്
വിൺവെളിച്ചമാഴിയിൽ മറഞ്ഞുപോകുന്നു.
നരച്ച വാനത്ത് വിളർത്ത ചന്ദ്രിക-
യറച്ച് നിൽക്കുമ്പോൾ മഴ കനക്കുന്നു.
പുനർജ്ജനിപ്പുഴ കര വിഴുങ്ങുന്നു.
ഇരുൾനീലപ്പരപ്പുലക് മൂടുന്നു...

തിരസ്കരിണിയിൽ തുള വീഴ്തി
ഭാനു പുലരുന്നു, നീലപ്പരപ്പിനും മീതെ
നിവർന്ന പുൽക്കൊടിത്തലപ്പിലെ
മഴപ്പൊടിപ്പിലൂർജ്ജത്തെ പൊതിഞ്ഞെടുത്തുർവ്വി
അരങ്ങൊരുക്കുന്നു, വെളിച്ച സംഘാതം
സചേതനം സർഗ്ഗസപര്യയാകുന്നു.   






Monday, October 12, 2009

ഋതുഭേദം

1
 നിന്റെ പേരാണ്
എന്റെ പേനയിലെ ആദ്യത്തെ പൂവ്.
ഒറ്റപ്പൂവിനാല്‍ ഓര്‍മ്മകളില്‍ വസന്തം.

2
പേനയൊഴിഞ്ഞതും
വാകചോന്നതും
നീ നടന്നതും
വേനല്‍ വന്നതും
ഒന്നിച്ച്.

3
ശരത്കാലസ്മൃതികള്‍ തുറക്കാതെ വയ്ക്കുന്നു
കൊഴിഞ്ഞയിലതുന്നിപ്പടച്ചപുസ്തകം.
ഒരിലത്താളിലൊന്നിച്ച് നമ്മുടെ പേരുകള്‍.


4
ഹിമമൌനം നമുക്കിടയില്‍ കുടയുന്നു
നിദാന്തം ഹേമന്തം.
വൃഥാ വിറക്കുന്നു ഉടല്‍ മരം.

5
മഷിതീര്‍ന്ന പേന കൊണ്ട്
നിന്റെ പേരു വെട്ടുന്നു.
ശ്ലഥ ബിംബങ്ങളില്‍ കനക്കുന്നൂ മഴ.

6
ഋതുക്കളൊക്കെയും നിനക്ക് തന്നിട്ട്
നിറമെഴാപ്രണയചിത്രകഥളില്‍
നിഴലുള്‍ക്ക് ഞാന്‍ ചരിത്രമെഴുതുന്നു.
 -----

"എന്റെ പേനകൊണ്ട് നിന്റെ പേരെഴുതുന്നു"
എന്നു കുറിച്ച, ഞങ്ങടെ എംബൃവിനോട്(പ്രശാന്തിനോട്) കടപ്പാട്

Wednesday, September 16, 2009

ജീവിതം

മണ്ണിനും
മരണത്തിനും
ഇടയിലെ
തൂക്കുപാലമായി ജീവിതം

Friday, August 21, 2009

പിന്‍‌വിളി

വെയില്‍ വിരലിനാല്‍ ഇലഞരമ്പിന്‍‌റ്റെ
ഹരിതചിത്രങ്ങള്‍ വരച്ച മാന്ത്രികാ
വിടര്‍ത്തുക, ഇരുളിഴഞ്ഞ ബോധത്തിന്‍
വഴിയിലും നറും വെളിച്ചപ്പൂവുകള്‍.

മണ്മറഞ്ഞ ജന്മങ്ങള്‍ തിരഞ്ഞു
മണ്ണടര്‍ പിളര്‍ന്ന് വേരുകള്‍
കുതിച്ച് പായുമ്പോള്‍
പഴയ ജന്‍‌മത്തെ ഇലക്കു മീതെ
പൂവിതളായിയെപ്പൊഴും പകര്‍ത്തിവയ്ക്കുന്നു

ഇരയിലേക്കുള്ളം കൊരുത്ത പൊന്‍‌മതന്‍
ചിറകടി കേട്ടു മുഖം ചുളിക്കുന്ന
ജലരാശി, അതിന്‍ സുതാര്യതകളില്‍
പതിയിരിക്കുന്നു നിഗൂഢമാഴങ്ങള്‍.
നിഴലില്‍ നീ നീലം വരച്ചു കാട്ടുന്നു.

തകര്‍ന്ന കപ്പലില്‍ തനിച്ചിരുന്ന്
നീര്‍വിരിപ്പ് നെയ്യുന്ന തളരാ നാവികന്‍
കടല്‍ നിവര്‍ത്തി വെണ്‍നിലാവ് ചാലിച്ച്
വരച്ച ചിത്രം കാറ്റെടുത്ത് പായുന്നു.

മരതക ദ്വീപില്‍ മരണദേവതയ്ക്കുതിര
സ്നാനനിര്‍വൃതി, കടും നിറം
ജലച്ചായങ്ങളില്‍ കടുപ്പമാകുന്നു
വരകളില്‍ നീയും മടുപ്പു ചാലിച്ചോ?

നിര്‍ജ്ജലീകരിച്ച മണ്ണടരിന്‍ മേല്‍ മാനം
തപിച്ച വാതകപ്പുതപ്പ് ചാര്‍ത്തുന്നു
മറയുന്നൂ പച്ച, നഗര ഭിത്തിയില്‍
പുകമഞ്ഞിന്‍ മഞ്ഞപ്പുഴുപ്പല്ലാഴുന്നു
നിറം പോരാഞ്ഞ് നീ തളര്‍ന്നോ മാന്ത്രികാ?

മഴനൂല്‍പോല്‍ നേര്‍ത്ത് പുഴ വരക്കുന്ന
വരകളില്‍ കാലം വെറുങ്ങലിക്കുമ്പോള്‍
വരകളും വാക്കും വിഴുങ്ങിനാവിന്മേല്‍
തറച്ച നാരായത്തളര്‍ച്ചയേറുമ്പോള്‍

സിരയിലൂര്‍ജ്ജരവി കിരണശോഭ
നിറനിരയൊരുക്കുവാന്‍
വരവടിവിലൂടെ
മഴയഴകിലൂടെ
പുഴവഴിയിലൂടെ
വരിക മാന്ത്രികാ
ഹരിതബോധതരുനിര വിളിപ്പു
നീ തിരികെ എത്തുക.

Sunday, April 5, 2009

തോല്‍‌വി

ചിരട്ടപ്പാത്രം കഞ്ഞിക്കലമാക്കിയ നാളില്‍
വീട്ടുകാരിയായൊപ്പം അവളാം ശാഠ്യക്കാരി
അയലത്തെമാവിന്‍‌മേലൊളിച്ചുകേറുന്നേരം
അതിര്‍വേലിമേല്‍ കാവല്‍ അവള്‍ പാവാടക്കാരി
കല്ലുപെന്‍സിലൊക്കെയും കളിച്ചുകളഞ്ഞിട്ട്
വക്കുപൊട്ടിയസ്ലേറ്റും പേറി ഞാനിരിക്കുമ്പോള്‍
കയ്യിലെ മുഴുപ്പെന്‍സില്‍ മുറിച്ചു നീട്ടാന്‍, കണക്കെഴുതാ​ന്‍
ശകാരിക്കാന്‍ അവള്‍ മുന്‍‌കോപക്കാരി.
കൂട്ടുകാരോടൊത്തിടികൂടിത്തോല്‍ക്കവേ
മുറിവായില്‍ മുക്കൂറ്റിച്ചാറു വീഴ്ത്താനുമവള്‍ ചാരെ.
മഴയെ തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ തോല്‍ക്കേ
കുടപ്പാതിയിലെന്നും ചേര്‍ത്ത് നിര്‍‌ത്താനുമവള്‍ തന്നെ.

മഴയെത്രയോ പെയ്തു തോര്‍ന്നു നാമൊരുപാട്
നനഞ്ഞുമല്ലാതെയും നടന്നെത്രയോകാതം
കല്ലുപെന്‍സിലും സ്ലേറ്റും വഴിമാറിപ്പോയ്, കാലം
പേനയും കടലാസുമെഴുതാന്‍ മുന്നില്‍ വച്ചൂ.
മാവുകള്‍ പലവട്ടം പിനെയും പൂത്തു
കണ്ണിമാങ്ങകളനാഥരായ് മാഞ്ചുവട്ടില്‍ കാതോര്‍ത്തു.
എനിക്കായെങ്ങോ കുടപ്പാതിയുണ്ടെന്നൊര്‍ത്തെത്ര
മഴപ്പന്തയങ്ങളില്‍ കുതിര്‍ന്നൂ പിന്നേയും ഞാന്‍.

എല്ലാം ഇന്നലെ വരെ നാളത്തെ മഴമുതല്‍
കുടയും നിറയുന്നു, മഴ ജേതാവാകുന്നു.
മഴയെത്തോല്‍പ്പിക്കുവാന്‍ ഓടി ഞാന്‍ വീണ്ടും തോറ്റു.

Friday, February 20, 2009

പക്ഷഭേതം

കൃഷ്ണപക്ഷം കരിംഭൂതമായ് നിഴല്‍കുത്ത്
ശീലിക്കുമോര്‍മ്മകള്‍മനസ്സിലെ
സ്വപ്ന നൗകയില്‍ തുഴയെടുത്ത നാള്‍

ദ്വീപിലെകാന്തവാസത്ത്തിലെപ്പോഴോ
തോണി വിരകാല്‍ തണുപ്പ് തീര്‍ത്തോരു ഞാന്‍
അഭയവും തുഴയുമെകിയോനെ
പുറം കടലില്‍ തള്ളി പ്രയാണം തുടര്‍ന്ന നാള്‍
കൃഷ്ണപക്ഷം, കരക്കടുത്തപ്പോഴും.

നഷ്ട വാനിന്റെ നീലിമയും നിറ കണ്ണില്‍ഏന്തി
നിരത്ത് വക്കില്‍ നിന്നു കല്ലെറിഞ്ഞ ബാല്യങ്ങളെയും
മണ്ണില്‍ നട്ടുവച്ച് ഞാന്‍ ജയം ഉറപ്പിക്കവേ
നീ മരിച്ചിരുള്‍ ലോകത്ത് പോമെന്ന
വാക്ക് അവള്‍ തന്ന നാള്‍
ഞാന്‍ അതില്‍ വീണ നാള്‍
കൃഷ്ണപക്ഷം തുടര്‍ക്കഥ

സര്‍വ്വ ബോധവും ഒഴിഞ്ഞിരുള്‍ മിഴികളില്‍
മുള്ള് കുത്തി രസിക്കെ നീറ്റലില്‍
ഉള്ളു നൊന്തു വിളിക്കെ മുന്നില്‍ അവള്‍
വന്നു നിന്നു പകര്‍ന്ന പുഞ്ചിരി
ഉദയമായതാണ് അമൃത പൌര്‍ണമി.

Saturday, January 24, 2009

ബാല്യം

കള്ളു കുടിക്കണ പള്ളു പറയണ
കാഞ്ഞിരച്ചോട്ടിലെ കല്ലയിരിക്കണ
കറുത്ത ദൈവങ്ങല്ള്‍ കാവലു നിക്കണ
കാവില്‍ തെഴുത്തതാണെന്റെ ബാല്യം.

കൂവയിലത്തളിര്‍ പീപ്പിയൂതി
കൊടിട്ത്തൂവപ്പടര്‍പ്പില്‍ പാഞ്ഞു കേറി
തെച്ചി,തൊണ്ടിപ്പഴങ്ങള്‍ പറിച്ച് ചൊറിഞ്ഞ്
തിണര്‍ത്ത് തടിച്ചതാണെന്റെ ബാല്യം.

കാറ്റില്‍ ഇല വാളു പോലെ വീശും
നെല്ലു പൂത്ത മണം മദം കൊണ്ട വരംബത്ത്
നെല്ലിപ്പൂപോലെ നിരന്ന കുറുംബിന്റെ
കൂട്ടുകാര്‍ ചേര്‍ന്നതാണെന്റെ ബാല്യം.

ഒറ്റാല് വച്ചു പിടിച്ച വരാലിനെ
ഒറ്റക്കുതിന്ന് തൂറ്റം പിടിച്ചൊക്കെയും
പങ്കിടാനുള്ളതാണെന്ന ബോധ്യം
ഉള്ളില്‍ ഊറിത്തെഴുത്തതാണെന്റ ബാല്യം.

പപ്പരപ്പന്തിന് തീകൊളുത്താന്‍
ഓല മച്ചിങ്ങ വച്ചു മിടഞ്ഞ് പുറം ചോന്ന
പൊള്ളിക്കുമോര്‍മ്മയാണെന്റെ ബാല്യം.

പാല്പ്പയസപ്രിയ ദേവന് പൂജക്ക്
പൂവിറുക്കന്‍ വന്ന പെണ്ണിന്റെ ചുണ്ടത്തെ
ചെംബരത്തിപ്പൂവ് ചോദിച്ചു വങ്ങിച്ച
സുന്ദരസ്വപ്നമാണെന്റ ബാല്യം.

Thursday, January 1, 2009

ഗലീലിയോക്ക്

ടെലിസ്കൊപ്പിന്ടെ
നാനൂറാം വാര്‍ഷികത്തില്‍
ഗലീളിയോക്ക് മുന്നില്‍
ആദരവോടെ
അഭിമാനത്തോടെ

ഒറ്റ നോട്ടം കൊണ്ട്
ചന്ദ്രോപമയില്‍
ശ്ലേഷം ചേര്‍ത്ത
പ്രിയപ്പെട്ട ഗലീലിയോ
"എങ്ങിലും കരങ്ങിക്കൊണ്ടേ ഇരിക്കുന്ന"
ഭൂമിയില്‍ നിന്ന്
ഇന്നും മാനത്തേക്ക് നോക്കുമ്പോള്‍
ഞാന്‍ മിഴിച്ചു നില്ക്കയാണല്ലോ.

Blog Archive