Wednesday, October 12, 2011

വിലാസമില്ലാത്തവള്‍ക്ക്

എന്റെ നിനക്ക്
എന്തുകൊണ്ടൊക്കെയോ
എനിക്കെത്താവുന്ന വിലാസമില്ല.
മണ്ണിലെ നിനക്ക്
മറ്റൊരുവന്റെ വിലാസം
മരിക്കുവോളം
അതിലേക്കെഴുതുന്നതെങ്ങിനെ?

മറവിയില്ലാത്തതിനാല്‍
ഉള്ളില്‍ ചുരമാന്തും
മെരുങ്ങാമൃഗത്തെ
തുടലിമുള്ളുകെട്ടി
തടുത്ത് തോറ്റോളേ
മഴക്കാടിന്റെ
ഘനശ്യാമഹരിതം
ഗൂഢമുള്ളിലുള്ളോളേ
ആ നിന്റെ പേര്‌
എടുത്തുപോയതാര്‌?

വേരുറപ്പിച്ചു നിന്നു
വെയിലേല്‍ക്കുന്ന വൃക്ഷം
ഉള്ളിലുള്ള നിനക്ക്
വനമന്യെ വിലാസമെന്തുണ്ട്?

കാടും കറുപ്പും
ചുട്ടുതിന്ന നാട്ടില്‍
വേരില്ലാത്തവര്‍ക്ക്
പേരേറും നാട്ടില്‍
ഉള്ളില്‍ മൃഗമുള്ള
നിന്റെ വിലാസത്തില്‍
കാടിനുള്ളില്‍ വന്നു
കത്തുതരാനാര്‌?

മണ്ണിലെ നിനക്ക്
മറ്റൊരു വിലാസത്തില്‍
ആരെഴുതിയാലും
ഞാനെഴുതിയാലും
മടക്കിയയച്ച്,
മെരുങ്ങാമൃഗത്തെ
മുള്ളൊഴിച്ച് വിട്ട്,
സ്വന്തം വിലാസം
തിരിച്ചെടുക്കുമ്പോള്‍
നിനക്ക് മാത്രം
വായിച്ചെടുക്കാന്‍
ചതിച്ചിതലുകേറാത്തിടഞ്ഞ്
കരുതിവയ്ക്കുട്ടെ
കയ്യക്ഷരം ഞാന്‍.

4 comments:

നന്ദിനി said...

വരികളില്‍ എന്തോ ഒളിഞ്ഞിരിക്കുന്നു ...

വിലാസം മാറ്റി എഴുതിക്കൊണ്ട് ...

നന്നായിരിക്കുന്നു ...

വിലാസം സ്വന്തമായി ആര്‍ക്കുണ്ട് ..?

കൊമ്പന്‍ said...

എന്റെ എനിക്ക് എന്ന പ്രയോഗം എനിക്ക് മനസിലായില്ല
എന്നിലെ എനിക്ക് എന്നാണോ അര്‍ഥം

Unknown said...

കാടും കറുപ്പും
ചുട്ടുതിന്ന നാട്ടില്‍
വേരില്ലാത്തവര്‍ക്ക്
പേരേറും നാട്ടില്‍
ഉള്ളില്‍ മൃഗമുള്ള
നിന്റെ വിലാസത്തില്‍
കാടുനുള്ളില്‍ വന്നു
കത്തുതരാനാര്‌..?

ഒളിച്ച് വെച്ചത് പിടികിട്ടിയില്ലെങ്കിലും നല്ലൊരു ‘അനുഭവം’ തരുന്നു വായന

ജയിംസ് സണ്ണി പാറ്റൂർ said...

മനോഹരം.

Blog Archive