Thursday, February 14, 2013

നിന്റെ പേരെഴുതുമ്പോള്‍ മാത്രം

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
കടലാസ് കാടാകുന്നു.
മരിച്ച ചെടികള്‍ക്ക്
മരത്തിനെ ഓര്‍മ്മ കിട്ടുന്നു.

ഗ്രീഷ്മത്തിന്റെ നെറ്റിയില്‍
ഒരു മേഘം ഉമ്മവയ്ക്കുന്നു.
മണ്ണിനു മഴയുടെ മണം കിട്ടുന്നു.

ആഴം തിന്ന വിത്ത്
മിഴിപ്പച്ചതുറക്കുന്നു.
ഒരിലയിലേക്കുദയസൂര്യന്‍ വരുന്നു.

ഓര്‍മ്മക്കബറിനുമുകളിലെ
മൈലാഞ്ചി പൂക്കുന്നു.
ചോരതൊടാതെ നഖം ചുവക്കുന്നു.

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
എന്റെ മഷി വറ്റുന്നു.
വാക്ക്‌ അതിന്റെ വീടു തിരയുന്നു.
പ്രതിദ്ധ്വനിക്കാത്ത ശബ്ദത്തിനു
കാറ്റിന്റെ വണ്ടികിട്ടുന്നു.

3 comments:

ajith said...

ഉന്‍ പേരൈച്ചൊല്ലി
വായില്‍ വച്ചാല്‍
ഊറുതമ്മാ തേന്....

സൗഗന്ധികം said...

നിന്റെ പേരെഴുതുമ്പോള്‍ മാത്രം......

AnuRaj.Ks said...

എന്തു പറ്റി...എന്തു പറ്റി

Blog Archive