Saturday, August 30, 2014

അവിശ്വസനീയതകൾ

തിരക്കില്ലാത്ത റോട്ടില്‍
ചുമ്മാ നടക്കുമ്പോൾ
മണലുവണ്ടിമുട്ടിയിട്ടും
ചാവാതെ രക്ഷപ്പെട്ട ഒരാളെ സങ്കല്പിക്കുക.
അയാള്‍ ഞാനാണെന്നും
ആ മണലുവണ്ടിയായിരുന്നു പ്രണയമെന്നും
ജീവനോടുള്ളത് പരിക്കേറ്റ ഒരു ഞാനാണെന്നും
നീ വിശ്വസിക്കില്ല.
അനുഭവിക്കും വരെ
അവിശ്വസിക്കപ്പെടുന്ന അപകടമാണ്‌ പ്രണയമെന്നും
തെളിവില്ലാത്ത മുറിവുകളിലാണ്‌
അത് മൂര്‍ത്തമാകുന്നതെന്നും
ഇനി പറഞ്ഞിട്ടെന്ത്‌?

കള്ളമണലിന്റെ മരണവേഗത്തിനു
മോര്‍ച്ചറിയെത്തേണ്ടതാണ്‌
പക്ഷേ,
എത്തേണ്ടിടത്ത് എല്ലാരുമെത്തിയാല്‍
വണ്ടിമുട്ടിയോരൊക്കെയും ചത്താല്‍
സഞ്ചാരത്തിന്റെ കഥകഴിയില്ലേ?
അതുകൊണ്ടാകാം
കഥകഴിയാതിരിയ്ക്കാനാകാം
ഞാന്‍ ബാക്കിയായതും
പരിക്കേറ്റവന്റെ സത്യവാങ്മൂലം
നീ അവിശ്വസിക്കുന്നതും.

4 comments:

ajith said...

ഭയങ്കരാ!!!
പല പ്രണയവര്‍ണ്ണനകളും കേട്ടിട്ടുണ്ട്

മണലുവണ്ടിപ്രണയം ആദ്യമായാണ്!!

Pradeep Kumar said...

വായിച്ചു ----

പട്ടേപ്പാടം റാംജി said...

ഇനി പറഞ്ഞിട്ടെന്ത്?

keraladasanunni said...

ഭാഗ്യം. വണ്ടി മുട്ടിയിട്ട് ഒന്നും പറ്റിയില്ലല്ലോ

Blog Archive