Tuesday, March 24, 2015

നരക പ്രേമത്തിന്റെ കവിത.

ഷംസു പനമണ്ണയുടെ എന്റെ വെള്ളിയാഴ്ച എന്ന കവിതയെക്കുറിച്ച്

ആടുകളെ മാത്രമല്ല ആളുകളേയും ആലയിലാക്കാം. അങ്ങനെ ആളുകളെ കയറ്റിയ ആലകളിലൊന്നാണ് സംഘടിതമതം. വിശ്വാസമാണ് കയർ. അടയാളമാകുന്നു പ്രാർത്ഥന. അതുകൊണ്ടു തന്നെ പ്രാർത്ഥനയിലേക്ക് കൊണ്ടുപോവുകയാണ്, പ്രാർത്ഥന കൊണ്ടുതരുകയല്ല. മെരുക്കാവുന്ന ഒരു മൃഗമാണ് മനുഷ്യൻ എന്നതുകൊണ്ടും ചട്ടംപഠിപ്പിക്കാൻ ചെറുതിലേതുടങ്ങണം എന്നതിനാലും കുഞ്ഞുന്നാളിലെ നമ്മളെ കൂപ്പാൻ പഠിപ്പിക്കുന്നു. പേടിപ്പിച്ചും പ്രലോഭിപ്പിച്ചും നമ്മെ കൊണ്ടുപോകുന്നു. പ്രാർത്ഥിക്കാൻ കാരണങ്ങൾ മാത്രമല്ല വിശേഷ ദിവസങ്ങളും ഉണ്ടാക്കുന്നു. കൂട്ടം ചേരാൻ അത് സഹായിക്കുന്നു. വെള്ളിയാഴ്ച അങ്ങനത്തെ ഒരു വിശേഷ ദിവസമാണ്. ഞായറാഴ്ചയും അങ്ങനത്തെ ഒരു വിശേഷ ദിവസമാണെന്ന് കാണുമ്പോള്‌ ഏത് ദിവസവും ഒരു വെള്ളിയാഴ്ചയാകാം എന്നുമാകുന്നു. അങ്ങനൊക്കെയാണെങ്കിലും, പഠിപ്പിച്ചചട്ടങ്ങൾക്ക് പുറത്ത് പോകുന്ന മനുഷ്യരുണ്ട്. പ്രാർത്ഥിക്കാത്തവരും പരലോകനിഷേധികളും ഒക്കെയായ മനുഷ്യര്-. ഇവരെ-പ്രാ‌‌ർത്ഥിക്കാത്തവരെ- എന്തു ചെയ്യണം എന്നത് വിശേഷദിവസങ്ങളുണ്ടാക്കി കൂട്ടു ചേരുന്നവരുടെ ഒരു പ്രശ്നമാണ്. അതിലേക്കും കൂടിയാണ് ഷംസുവിന്റെ 'വെള്ളിയാഴ്ച' പുലരുന്നത്.
"അവിടം വരെ ഒന്ന് പോകാന്‍ പറഞ്ഞു..
ഞാന്‍ പോയില്ല..
രക്തം കരഞ്ഞു പറഞ്ഞു..
ഞാന്‍ പോയില്ല..
അയല്‍ക്കാര്‍ തുറിച്ചു നോക്കി..
പിറുപിറുത്തു...
ഞാന്‍ പോയില്ല."  “അവിടം" എന്നത് എവിടമാണെന്ന് ഈ കവിക്കറിയാം. ആ ഇടം പ്രധാനമാണ്. അവിടമാണ് വിശ്വാസിയുടെ ആല. അഭയം. ഭയങ്ങളിൽ നിന്നും മുക്തി. അവിടേക്കെത്തിക്കാനാണ് പ്രലോഭനങ്ങൾ. ഇവിടെ ചെയ്യുന്നതിന് അവിടെ കിട്ടും കൂലി. കൂലിയുള്ള വേലയാണ് പ്രാ‌‌ർത്ഥന എന്ന് സാരം. അങ്ങനെ, കണക്കനുസരിച്ചും അതിലേറെയും പതമ്പളക്കുന്നിടമാണ് അവിടം. തിന്നാനും കുടിക്കാനും കൂടെ കിടപ്പാനും വേണ്ടുവോളം. കൂടെക്കിടപ്പിനു ആളെക്കിട്ടുന്നത് പുരുഷപ്രജകൾക്ക് മാത്രമാകണം. എന്റെ പരിചയത്തിലുള്ള സ്വർഗ്ഗത്തിലൊന്നും പെണ്ണുങ്ങൾക്ക് ആണുങ്ങളെ കൊടുക്കുന്ന കാര്യം നടക്കുന്നതായി പറഞ്ഞു കണ്ടിട്ടില്ല. അതും ഈ കവിക്കറിയാം. മാത്രമല്ല, പലരും ഇതറിയില്ലെന്ന് നടിക്കുന്നതാണെന്നും ഈ കവിക്കറിയാം. കാറിന്റെ പരസ്യത്തിൽ, കാറിനെ കെട്ടിപ്പിടിച്ച് സുന്ദരിമാർ നിൽക്കുന്നത് എളുപ്പത്തിൽ വശീകരിക്കാവുന്ന പുരുഷകാമനകളിലാണ് കച്ചവടത്തിന്റെ കണക്ക് എന്ന് കച്ചവടക്കാർക്ക് അറിയാവുന്നതിനാലാണ്. വിശ്വാസത്തിന്റെ പരസ്യങ്ങളും അങ്ങനത്തെ ഒരേർപ്പാടാണ്. ഇവിടെ വിൽക്കുന്നത് വാഗ്ദാനങ്ങളാണെന്നു മാത്രം. അങ്ങനെ പരലോകത്തെക്കുരിച്ചുള്ള മോഹിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വാഗ്ദാനങ്ങളിലേക്കാണ് പലപ്പോഴും പ്രാർത്ഥനകൾ പുലരുന്നത്. ഇതറിയുന്നതുകൊണ്ടാണ് സ്വർഗം സകലരാലും ഭോഗിക്കപ്പെടുകയാണ്‌എന്ന് എഴുതുന്നത്. കാമനകളുടെ കേളികൾ ഇവിടെ സാധ്യമാകായ്കയാൽ അവിടേക്ക് നീക്കിവയ്ക്കുന്നു അല്ലെങ്കിൽ നീട്ടിവയ്ക്കുന്നു എന്നു മാത്രം. പക്ഷേ, അവിടെ കിട്ടും എന്ന ഇവിടത്തെ പ്രലോഭനത്തിൽ വഴങ്ങാത്തവരുണ്ട്. അവർക്ക് കുരിശേറ്റത്തിന്റെ പീഡാനുഭവം ഉണ്ടെന്ന് ദുഃഖവെള്ളിയാഴ്ച നമ്മോട്‌ പറയുന്നു. ദുഃഖവെള്ളിയുടെ സാംഗത്യം അറിയുന്നതുകൊണ്ടുകൂടിയാകണം പ്രലോഭനാന്തരം "പീഡനക്കാഴ്ചകള്‍ കൊണ്ട്
പേടിപ്പിച്ചു.."എന്ന് ഇവനെഴുതുന്നത്. ചതുരുപായങ്ങളും പ്രയോഗിച്ചാണ് കൂട്ടം ചേരാത്ത അവിശ്വാസിയെ എതിരിടുന്നത് എന്നു സാരം. എന്നിട്ടും
"ഞാൻ പോയില്ല. കാരണം മറ്റൊന്നുമല്ല..സ്വര്‍ഗം സര്‍വരാലും
ഭോഗിക്കപെടുന്ന കാലത്ത്
ഞാന്‍ നരകവുമായി പ്രേമത്തിലാണ്....”

വിശ്വാസങ്ങളിലെ വ്യാജത്തെക്കുറിച്ചും പ്രാർത്ഥനകളിലെ സ്വാ‌ർത്ഥത്തെകുറിച്ചും അറിയുന്നതുകൊണ്ടും ഇവിടം ഏതിടമാണ് എന്ന സംശയയമില്ലാത്തതുകൊണ്ടും ആകണം ഇയാൾ നരകത്തോട്‌ പ്രേമത്തിലായത്. ഇവിടത്തെക്കുറിച്ചാണ് എഴുതേണ്ടത്. ഇവിടെ ആരെല്ലാം ഉണ്ടെന്നും ആർക്കൊക്കെ ഇവിടെ ഇടമുണ്ടെന്നും ആരെല്ലാമാണ് ഇവിടെ നിന്നും പുറത്താക്കപ്പെടുന്നതെന്നും ഈ കവിക്ക് അറിയാം. അകലെയെങ്ങോ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന സ്വർഗത്തേക്കാള്‌ ഇവിടെയുള്ള, ഈ നരകത്തോട് പ്രേമത്തിലാകുന്നത് അതുകൊണ്ടാണ്. ഈ കിതവി ഞങ്ങൾക്ക് നരക ദേശമാണെങ്കിലും ഇവിടെ ദുഃഖിച്ച് ആശിച്ച് മരിക്കുന്നതാണ് സ്വർഗ്ഗം എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. സ്വർഗം സകലരാലും ഭോഗിക്കപ്പെടുന്ന കാലത്ത്, ഈ നരകത്തീന്നെന്നെ കരകേറ്റീടണേ എന്ന പഴയ പ്രർത്ഥനകൾക്ക് കാര്യമില്ലെന്ന് ഈ കവിക്കറിയാം. അതുകൊണ്ടാണ് ആണിപോലെ തറയ്ക്കുന്ന വാക്കുകളിൽ വിശ്വാസങ്ങളിലേക്ക് കൂട്ടുചേരാൻ വിസമ്മതിക്കുന്ന ഒരു മനസ്സിനെ ആവിഷ്കരിക്കുന്നത്. പ്രലോഭനങ്ങളാൽ പുരസ്കരിക്കുകയും പീഡനക്കാഴ്ചകളാൽ ഭീഷണിപ്പെടുത്തുകയുമാണ് വിശ്വാസത്തിന്റെ ആലകള്‌ എന്ന് എല്ലാവർക്കും അറിയാം. അറിയുന്നതെല്ലാം പറയാതിരിക്കാനുള്ള മിടുക്ക് ആലയുടെ അധിപർക്ക് ഏറെയുണ്ട്. അങ്ങനാണ് ഫൂക്കോവിനേയും മാർക്സിനേയും സഹോദരൻ അയ്യപ്പനേയും എല്ലാം ഉദ്ധരിച്ചുകൊണ്ട് ആളുകള്‌ പ്രാർത്ഥാനാലയങ്ങളിൽ കൂട്ടം ചേരുന്നത്. അതുകഴിഞ്ഞാണ്, രണ്ടുപേരുമ്മവയ്ക്കുമ്പോൾ തങ്ങൾ നിരന്തരം ഭോഗിച്ചുകൊണ്ടിരുന്ന സ്വർഗത്തിന് ഊനം വരുന്നതായി തോന്നി ഇവർ അക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. സകല‌‌രും അറിഞ്ഞിട്ടും പറയാൻ മടിച്ചതാണ് ഈ കവി പറയുന്നത്. മൂർച്ചയുള്ള ഈ കവിത കൃത്യമായ ഇടങ്ങളിൽ തറച്ചിട്ടുണ്ട് എന്നതിനു ഈ കവികേട്ട ശകാരങ്ങൾ സാക്ഷ്യം. ഇടത്തിന്റെ സാംഗത്യവും എഴുത്തിന്റെ സാകല്യവും ചിലപ്പോൾ ഇങ്ങനാകും വെളിവാകുക. പേടിപ്പിച്ച് വൃത്തഭംഗം വരുത്താവുന്നതോ പ്രലോഭിപ്പിച്ച് വൃത്തത്തിലാക്കാവുന്നതോ‌ അല്ല ഈ കവിയുടെ കവിതകൾ. എതിർക്കപ്പെടുന്നതുകൊണ്ട് തന്നെ ഷംസു എന്ന കവിയും അവന്റെ കവിതയും ഉണ്ട്.

ഷംസുവിന്റെ കവിത ഫേസ്ബുക്കിൽ വായിക്കാൻ എന്റെ വെള്ളിയാഴ്ച

1 comment:

ajith said...

കൊള്ളാം. ഇനി പോയി ഷംസൂനെ ഒന്ന് വായിക്കട്ടെ

Blog Archive