Monday, November 9, 2015

തോറ്റ ഉമ്മകൾ തോൽക്കാത്ത ഉമ്മകൾ

ഈ കുറിപ്പ് പ്രധാനമായും വൈഖരി ആര്യാട്ടിന്റെ (2005 a) ചുംബനസമരത്തിന്റെ ഒരു വർഷം: ചുവന്ന ചുണ്ടുകളാൽ മുറിവേറ്റവർക്ക് എന്ന ലേഖനത്തോടുള്ള പ്രതികരണമാണ്. HCU-വിൽ നടന്ന ചുംബനസമരവും അതിനോടുണ്ടായ പ്രതികരണങ്ങളുമാണ് ഇതിൽ പ്രധാനമായും വിഷയം. HCU-വിലെ ചുംബനസമരം ഒരു അക്കാദമിക് സംവാദമായാണ് വിഭാവനം ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്നും വ്യത്യസ്ഥമായി, സദാചാരം എന്ന ഒറ്റവാക്കിനപ്പുറത്ത് ഭിന്നലൈംഗികരുടേതുൾപ്പെടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനു HCU-വിലെ ചുംബനസമരം ലക്ഷ്യമിട്ടിരുന്നു. എന്നാൽ വിചാരിക്കാത്ത പലതും സം‌‌ഭവിക്കുകയും-എ.ബി.വി+ബജ്രംഗദൾ പ്രവർത്തകരുടെ ആക്രമണം, അരുന്ധതിയുടെ ചുംബനം, മാധ്യമങ്ങളുടെ ആർത്തിനോട്ടങ്ങൾ തുടങ്ങിയവ- HCU-വിലെ ചുംബനസമരവും ഏകതാനമായ ഒന്നായി മാറ്റപ്പെടുകയും ചെയ്തു. വൈഖരി പറയുന്നത്, വെളുത്ത ഉമ്മകൾ കറുത്ത ഉമ്മകളെ അതായത് വെളുത്ത ശരീരം കറുത്ത ശരീരങ്ങളെ മറച്ചുകളഞ്ഞു എന്നാണ്. എന്തുകൊണ്ടെന്നാൽ, പലതരം ഉമ്മകൾ സംഭവിച്ചതിൽ-സ്വവർഗലൈംഗികരുടെ ഉമ്മകൾ, സഹോദരങ്ങളുടെ ഉമ്മകൾ എന്നിങ്ങനെ അനവധി ഉമ്മക‌‌ള്‍-വെളുത്ത ശരീരമുള്ള പെണ്ണിന്റെ ഉമ്മയെ മാത്രം മാധ്യമങ്ങളിൽ പൊലിപ്പിക്കപ്പെടുകയും അതോടൊപ്പം മറ്റുള്ളവ അപ്രസക്തമാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു. ഇതോടെ, വിഭാവനം ചെയ്യപ്പെട്ടതിൽ നിന്നും വ്യത്യസ്ഥമായി ഏകതാനമായ ഒന്നായി HCU-ചുംബനസമരവും മാറ്റപ്പെട്ടു. അങ്ങിനെ, വിവിധ പ്രശ്നങ്ങളെ അഭിസംബോധനചെയ്യുന്നതിനായി നടത്തിയ ചുംബനസമരം വെളുത്ത ഉമ്മകളിലേക്ക് ചുരുങ്ങി. ഈ നിലയ്ക്ക് നോക്കുമ്പോൾ, വെളുത്ത ഉമ്മകൾ‌ പരാജയമാണ്. വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സമാനമായ ആശയം താഹിർ ജമാലും (2015) പങ്കുവയ്ക്കുന്നുണ്ട്. വെളുത്ത ശരീരം കറുത്തവകളെ അസ്പഷ്ടമാക്കി എന്നാണ് താഹിറിന്റെ ഭാഷ്യം.
കറുത്ത ശരീരങ്ങളെ അരാണ് മൂടിക്കളഞ്ഞത്? അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? എങ്ങനെയാണ് മൂടൽ സംഭവിച്ചത്? എന്നതൊക്കെത്തന്നെ പ്രധാനമാണ്. അതിലേക്ക് വരുന്നതിനു മുന്നേ ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
ചും‌ബനസമരം എന്തിനായിരുന്നു?
സദാചാര പോലീസിം‌ഗിനെതിരെയാണ് (സ.പോ) ചും‌ബന സമരം എന്നാണ് നടത്തിപ്പുകാരും പങ്കെടുത്തവരും പറയുന്നത്. കേരളത്തിൽത്തുടങ്ങിയ ചുംബനസമരത്തിനു പൊതുവിൽ കിട്ടിയ പേരും സമരക്കാരിൽ പലരും അവകാശപ്പെടുന്നതും മേല്പറഞ്ഞ കാര്യമാണ്.
സദാചാരപ്പോലീസിംഗ്: സദാചാരപ്പോലീസിം‌ഗ് എന്താണ്‌? വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളിൽ, അവരുടെ ശാരീരികവും അല്ലാതെയുമായുള്ള ഇടപാടുകളിൽ അവരുടെ അനുവാദം കൂടാതെ അന്യര്‍ നടത്തുന്ന ഇടപെടലിനെ സദാചാരപോലീസിം‌ഗ് എന്നു വിളിക്കാം. പ്രധാനമായും, തങ്ങള്‍ വിശ്വസിക്കുന്ന സദാചാരസം‌ഹിതകള്‍‌ക്ക് എതിരോ ചേരാത്തതോ ആണ് മുന്‍ചൊന്നവരുടെ പ്രവൃത്തികള്‍ എന്നും അതുകൊണ്ട്‌ അത്തരം പ്രവൃത്തികൾ തങ്ങളാൽ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നും ധരിച്ചാണ് ആളുകൾ ഇവിടെ മറ്റുള്ളവരുടെ പ്രവൃത്തികളിൽ ഇടപെടുന്നത്. കൂടുതലും സദാചാരത്തെ മുൻനിർത്തിയുള്ള ഇടപെടലുകൾ ആയതിനാലാണ് ഇവയെ സദാചാര പോലീസിംഗ് എന്നു വിളിക്കുന്നത്. ( Working definition)
ചുംബനസമരം: രണ്ടു വ്യക്തികളുടെ ഇടപാടുകളെ , പ്രധാനമായും സ്പർശനങ്ങളെ സ.പോ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനാൽ അതിനെതിരെ പരസ്യമായി ഉമ്മവച്ച് പ്രതിഷേധിക്കുന്നു എന്നാണ് ചുംബനസമരം അവകാശപ്പെടുന്നത്. ഇത് ഉമ്മവയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമല്ല. എല്ലാവരും ഉമ്മവയ്ക്കണമെന്നുപോലും ഈ സമരം ആവശ്യപ്പെടുന്നില്ല. (Working definition).
HCU-ചുംബനസമരം ഉമ്മവച്ചുള്ള ഒരു പ്രതിഷേധമായല്ല വിഭാവനം ചെയ്തത് എന്നത് ഇവിടെ പ്രത്യേകം ഓർക്കെണ്ടതുണ്ട്. ഈ വ്യത്യാസം മനസ്സില്ലാക്കാൻ സാധിക്കാതിരുന്ന നിഷ്കളങ്കാത്മാക്കൾ ഓസിനു ഉമ്മ ചോദിക്കുകയുണ്ടായെന്ന് വൈഖരി പറയുന്നുണ്ട്. എന്നാലൊരു ഓർഗിയായാലെന്താ എന്ന് ഒരു പുരുഷജീവി ഭത്സിച്ചിതും ഓർക്കാം. ആയാൾടെ പേരു ഓർമ്മയിലില്ല. കുറച്ചുകൂടി, നിരുപദ്രവകരവും പ്രകോപനപരമല്ലാതതുമായ ആക്കാദമിക് ചിഹ്നവ്യവഹാരമായാണ് ഇത് ആലോചിക്കപ്പെട്ടത്. ചിഹ്നവ്യവഹാരത്തിനു (symbolic protest/discourse ) ഒരു കുറവും ഇല്ലാത്ത ഇടമാണ് കാമ്പസ് എന്നതും ഉമ്മച്ചിഹ്നം ഒഴിച്ച് ബീഫുൾപ്പെടുന്ന സകലമാന ചിഹ്നങ്ങളേയും നിസ്സംഗതയോളമെത്തുന്ന സഹിഷ്ണുതകൊണ്ട്‌ നേരിട്ടിരുന്ന കാമ്പസ്സായിരുന്നു കുറേ‌കാലമായി HCU. ബജ്രംഗദൾ എ.ബി.വിപി പ്രഭൃതികൾ ആക്രമിക്കാനെത്തുംവരെ സംഘാടകർ കരുതിയിരുന്നതുപോലാണ് HCU വിൽ കാര്യങ്ങൾ നടന്നതും. ഇതെപ്പറ്റി കൂടുതൽ അറിയുന്നതിനു അനുവും വൈഖരിയും ചേർന്നെഴുതിയ ഞങ്ങളുടെ ചുണ്ടുകൾ‌ ആരെയാണ് മുറിപ്പെടുത്തുന്നത് എന്ന കുറിപ്പ് നോക്കുക. (അനുവും വൈഖരിയും 2014)
മേൽവിവരിച്ച ധാരണകളിൽ നിന്നുമാണ് തുടർന്നുള്ള വിശകലനങ്ങൾ ഉണ്ടാക്കുന്നത്.
വ്യക്തിയും സ.പോയും
അരാണ് വ്യക്തി? ഏതെല്ലാം വ്യക്തികൾ തമ്മിലുള്ള ഇടപെടലുകൾ ആണ്‌ സ.പോ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രധാനമാണ്.
തീരുമാനങ്ങളെടുത്ത്  നടപ്പിൽ വരുത്താൻ ശേഷിയുള്ളതും അതുണ്ടെന്ന് സ്വയം തിരിച്ചറിയുന്ന പൗരനെയാണ് (citizen) വ്യക്തി എന്നതുകൊണ്ട്‌ തല്കാലം ഇവിടെ വിവക്ഷിക്കുന്നത്. ( വ്യക്തിയാകുനതിനു പൗരൻ ആകണം എന്ന നിർബന്ധം ഇല്ല. ഇതിലെ നൂലാമാലകൾ തല്കാലം അന്വേഷിക്കുന്നില്ല. കൂടാതെ വ്യക്തി, അതിന്റെ ഉണ്മ, തന്മ, സ്വത്വം എന്നിവയെപ്പറ്റിയുള്ള തത്വചിന്തയിലെ പ്രശ്നങ്ങളും തൽക്കാലം അവഗണിക്കുന്നു). വ്യക്തി, അതെന്തു തന്നായാലും, അങ്ങനൊന്ന് ഉണ്ട് എന്ന് സങ്കല്പിക്കുന്നു. വ്യക്തിയായിരിക്കുന്ന മനുഷ്യൻ പലതരത്തിലുള്ള സ്വത്വങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്നും സങ്കല്പിക്കുന്നു. മനുഷ്യൻ, സാമൂഹിക ജീവി ആകയാൽ, വ്യക്തികൾ ഉണ്ടാകുന്നതിനും സ്വത്വങ്ങൾ ഉണ്ടാകുന്നതിനും സാമൂഹികമായ അംഗീകാരം പ്രധാനമാണ് . ഉദാഹരണത്തിനു, സ്ത്രീക്കും പുരുഷനും വോട്ടവകാശം ഉണ്ടെങ്കിലും രണ്ടുപേർക്കും വ്യക്തി എന്ന നിലയിൽ തുല്യ അവകാശസ്വാതന്ത്ര്യങ്ങൾ ഇല്ല. ഭരണഘടനാപ്രകാരം ഉണ്ടായിരിക്കും. ഏട്ടിലെ ആ വിശുദ്ധ പശുവല്ല ഇവിടെ വിഷയം. അതുകൊണ്ട്, സ്വതന്ത്രമായി തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും സ്വാതന്ത്ര്യമുള്ള ശരീരം എന്ന നിലയ്ക്ക് വ്യക്തിയെ കാണുമ്പോൾ‌, സമൂഹത്തിന്റെ അംഗീകാരം വ്യക്തി എന്നതിന്റെ ഉണ്മയെ സാരമായി ബാധിക്കുന്നുണ്ട്. എന്തെന്നാൽ തീരുമാനമെടുത്താലും സാമൂഹികാംഗീകാരത്തിന്റെ അഭാവമോ സമൂഹത്തിന്റെ എതിർപ്പോ ആ തീരുമാനം നടപ്പിലാക്കുന്നതിൽ നിന്നും വ്യക്തിയെ തടഞ്ഞെന്നു വരാം. അതുകൊണ്ടുതന്നെ എല്ലാ ശരീരങ്ങളും ഒരേ അളവിൽ വ്യക്തി അല്ല. ആകയാൽ, നിലവിലെ സമൂഹത്തിൽ പലശരീരങ്ങൾ പല അളവിലാണ് വ്യക്തിയായിരിക്കുന്നത്.
സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം സമൂഹത്തിൽ മാത്രം സാധുത കിട്ടുന്ന ഒന്നാണ് എന്ന മുൻധാരണ ഇവിടെ ഉണ്ട്. അതായത്, നിങ്ങൾക്ക് എന്തെല്ലാം ചെയ്യാം, എപ്പോഴെല്ലാം ചെയ്യാം, എവിടെയെല്ലാം ചെയ്യാം എന്നത് തീരുമാനിക്കുന്നത് വലിയോരളവുവരെ സമൂഹമാണ്. നിങ്ങൾക്ക് എന്തും എപ്പോഴും എവിടേയും ചെയ്യാനുള്ള അവകാശമോ അധികാരമോ‌ ഇല്ല എന്നതാണ് ലളിതവും പ്രസക്തവുമായ സംഗതി. നഗ്നനായി തെരുവിൽ നടക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും ആ പ്രവൃത്തിക്ക് അംഗീകാരം ഇല്ല. ചില പ്രവൃത്തികൾ ചിലയിടങ്ങളിൽ ആവിഷ്കരിക്കാൻ വ്യക്തികൾക്ക് ഉള്ളതോ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നതോ ആയ സ്വാതന്ത്ര്യത്തെ സ.പോ നിഷേധിക്കുന്നു. അതുകൊണ്ടാണ് ചുംബനസമരം ആവശ്യമായി വന്നത്.
സ.പോ എവിടെ ഇടപെടുന്നു?
ഏതെല്ലാം വ്യക്തികളെ സ.പോ ഉന്നം വയ്ക്കുന്നു എന്നു നോക്കാം. പ്രധാനമായും, ആണും പെണ്ണും ഇടകലരുന്നതിനെയാണ് അവർ നോട്ടമിടുന്നത്. ശ്രദ്ധിക്കേണ്ടത്, വ്യതിരിക്തമായ സ്വത്വം ഉള്ള വ്യക്തി എന്ന നിലയ്ക്കു ഭിന്നലൈംഗികർ അംഗീകരിക്കപ്പെട്ടിട്ടില്ല. സമൂഹിക അംഗീകരമാണ്‌ പറഞ്ഞുവരുന്നത്. കോടതികൾ പലവിധി കളിക്കുന്നത് നാം കണ്ടതാണ്. ഭിന്നലൈംഗികർക്ക് വോട്ടവകാശവും തിരിച്ചറിയൽ കാർഡും ഉണ്ടായേക്കാം. പക്ഷേ, അവരുടെ ലൈംഗികത മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതയാണ് എന്നുപോലും നിലവിലെ ബഹുഭൂരിപക്ഷവും സമ്മതിച്ചിട്ടില്ല. (എന്തിനു ലൈംഗികത-ലൈംഗികതയല്ലാതെ മറ്റൊന്നും അവരിൽ കാണാനേ തയ്യാറായിട്ടില്ല നമ്മൾ ഇതേവരെ.) എങ്ങനെന്നാൽ, ഭിന്നലൈംഗികതയെ തെറ്റായോ രോഗമായോ ഒക്കെയാണ് വലിയോരുകൂട്ടം ആളുകളും കാണുന്നത്. അതായത്, ഭിന്നലൈം‌‌ഗികതയ്ക്കും ഭിന്നലൈംഗികർക്കും നിലവിൽ സാമൂഹികാംഗീകാരം ഇല്ല. [അതുകൊണ്ടുകൂടിയാണ്, സ്വാഭിമാനപ്രകടനങ്ങൾ വേണ്ടി വരുന്നത്. എന്താണ് ഞാൻ എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്‌ എന്ന് വിളിച്ചു പറയേണ്ടി വരുന്നത് ഞാൻ എന്ത് എന്ന നിലയിൽ എന്നെ മറ്റുള്ളവർ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടുകൂടിയാണല്ലോ.] മേല്പറഞ്ഞ കാരണങ്ങളാ‌‌ൽ, ഭിന്നലൈംഗികർ സ.പോ യുടെ വിഷയം അല്ല. എന്തെന്നാൽ, നിലവിലെ സദാചാരത്തിന്റെ പരിധിയിലേക്ക് ഭിന്നലൈംഗിക വ്യക്തികൾ വരുന്നേ ഇല്ല. പൂർണ്ണമായ അളവിൽ അവരെ വ്യക്തികൾ ആയി കാണുന്നില്ലാത്തതിനാൽ അവരുടെ ലൈ‌‌ംഗികത സദാചാരത്തിനു പുറത്താണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭിന്നലൈംഗികത തന്നെ തെറ്റായതിനാൽ അതിലൊരു ശരി രീതി ഇല്ല. സ: പിണറായിയുടെ ഭാഷയിൽ ഉദാഹരിച്ചാൽ, വീട്ടിൽ ചെയ്യുമ്പോൾ ശരിയും നിരത്തിൽ ചെയ്യുമ്പോൾ തെറ്റും ആകുന്ന ഒന്നല്ല ഭിന്നലൈംഗികത. അതെപ്പോഴും തെറ്റു തന്നെ. ആകയാൽ, അവർ സ.പോയുടെ വിഷയമേ അല്ല. [രോഗം എന്നു വിവക്ഷിക്കുന്നതിൽ സദാചാരബോധത്തിനുള്ള പങ്കിനെപ്പറ്റി ഇവിടെ ആലോചിക്കാവുന്നതാണ്. പക്ഷേ, ഈ കുറിപ്പ് നടപ്പ് പ്രവർത്തനങ്ങളെക്കുറിച്ചാകയാൽ ആ വിചാരങ്ങൾ ഒഴിവാക്കുന്നു.] മേല്പറഞ്ഞ കാരണങ്ങളാൽ, സ.പൊയ്ക്കെതിരെയുള്ള സമരം എന്ന നിലയ്ക്ക് ഉമ്മസമരം ഭിന്നലൈംഗികരുടെ പ്രശ്നങ്ങളെയോ ആ ലൈംഗികതയേയോ അടയാളപ്പെടുത്തുന്നതിൽ അപര്യാപ്തമാണ്. വൈഖരി പറയുന്നതുപോലെ, ഈ സമരക്കാരിൽ പലർക്കും ഉമ്മസമരത്തിന്റെ ഈ വശങ്ങളെക്കുറിച്ച് അറിയാം. ഇത്തരം പ്രശ്നങ്ങൾകൂടി ഈ സമരം അഭിസംബോധന ചെയ്യുന്നുണ്ട് എന്ന് വൈഖരിയെപ്പോലെ അവരും വിളിച്ചു പറഞ്ഞേക്കാം. എന്നാൽ, മുന്നേ പറഞ്ഞ കാരണങ്ങളാൽ അത്തരം ഉമ്മകളെ കാഴ്ചക്കാർ അവഗണിക്കും. ഇത് കാഴ്ചയുടെയോ കാഴ്ചക്കാരുടേയോ പ്രശ്നമാണ് എന്നും പറയം. പക്ഷേ, ഇതൊരു വസ്തുതയാണ്. അതുകൊണ്ട്, ആ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ, എത്ര മാത്രം ആഗ്രഹിച്ചാലും , തന്റേതുപോലുമല്ലാത്ത കാരണങ്ങളാൽ, ചുംബന സമരം അതിന് പര്യാപ്തമല്ല.
സ.പോ പ്രധാനമായും ഇടപെടുന്നത് ഉഭയലൈംഗികരുടെ ഇടപാടുകളിലാണ്. രണ്ടുപെണ്ണുങ്ങളോ ആണുങ്ങളോ ഒന്നിച്ച് ഒരു മുറിയിൽ കഴിയുന്നതിലോ നിരത്തിൽ നടക്കുന്നതിനോ സ.പോയ്ക്ക് പൊതുവിൽ എതിർപ്പില്ല. സഹോദരർ, ഭാര്യാഭർത്താക്കൾ എന്നിവർ ഒന്നിച്ച് നടക്കുന്നതിനും എതിർപ്പില്ല. ഉദാഹരണത്തിനു, താലി കാട്ടിക്കൊടുത്താൽ ഏറെക്കുറേ സ.പോ കളും പോലീസുകാരും നിങ്ങൾക്ക് വിടുതി തരും! വഴിയരികിലാണ് സ.പോയുടെ ആക്രമണം എങ്കിൽ, ഇതൊക്കെ വീട്ടിൽ വച്ച് മതി ഇത് പൊതു നിരത്താണ് എന്ന് അവർ പറയും. പറഞ്ഞുവന്നത്, സ.പോ ആക്രമിക്കുന്നത്, അവരുടെ നോട്ടത്തിൽ നിയമാനുസൃതമല്ലാത്ത (വിവാഹിതരോ രക്തബന്ധമുള്ളവരോ‌ അല്ലാത്ത) ശരീരങ്ങൾ ഇടപെടുന്നതിനെയാണ്. ഒപ്പം, നിയമാനുസൃതമായി ബന്ധപ്പെടാൻ അവകാശം ഉള്ള ശരീരങ്ങൾ അനുവദനീയമല്ലാത്ത ഇടങ്ങളിൽ (പൊതുസ്ഥലങ്ങളിൽ-നിരത്ത്, പാർക്ക്... ) പരസ്പരം ഇടപെടുന്നതിനെയും സ.പോ ആക്രമിക്കും. ആണും പെണ്ണുമായ രണ്ടു ശരീരങ്ങൾ തമ്മിൽ ലൈംഗികമല്ലാത്ത യാതൊരു ബന്ധവും ഇല്ലെന്നും രതിസാരമായ ബന്ധങ്ങൾ പരസ്യമായി പ്രകാശിപ്പിക്കുന്നത് തെറ്റെന്നും അതുകൊണ്ട് അത് അനുവദിക്കാൻ പാടില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് സ.പോ പ്രവൃത്തിക്കുന്നത്. ആണിനും പെണ്ണിനും ഇടയിൽ സാധ്യമാകുന്ന ബന്ധങ്ങളെ ലൈംഗികതയിലേക്ക് ചുരുക്കുന്ന ഭാവനാശൂന്യതയും തങ്ങൾ വരച്ചിരിക്കുന്ന കളങ്ങളിൽ അല്ലാതുള്ള രതിയെക്കുറ്റകൃത്യമായിക്കാണുന്ന ബോധവും ഒന്നിച്ചാണ് സ.പോയെ അവരുടെ അക്രമങ്ങൾക്ക് അധികാരിയാക്കുന്നത്. വിവിധരീതികളിൽ, മതം, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങൾ കൊടുക്കുന്നതോ കൊടുക്കുന്നതായി കരുതപ്പെടുന്നതോ ആയ സാമൂഹികാധികാരം, സ.പോയെ അവരുടെ കുറ്റകൃത്യത്തിൽ സഹായിക്കുന്നുണ്ട്. ('ആണും പെണ്ണും തൊട്ടിരിക്കുന്നത് ഇസ്ലാമികമോ' എന്ന ഫറൂക്ക് കോളേജിലെ പ്രിൻസിപ്പളിന്റെ ചോദ്യം, മേല്പറഞ്ഞ അധികാരത്തിന്റെ ഇപ്പോൾ വാർത്തയിൽ ഉള്ള ഒരുദാഹരണം. മതാടിസ്ഥാനത്തിലും പാർട്ടിയടിസ്ഥാനത്തിലും ഉദാഹരണങ്ങൾ അനവധി) സ.പോ ഇങ്ങനെ ആക്രമിക്കുന്നതിലാണ് ഉമ്മയെത്തന്നെ പ്രതീകമായി ഈ സമരം തിരഞ്ഞെടുത്തത് എന്നും കാണാം.
പലതരം ഉമ്മകളും അവകളുടെ സാധുതയും
വെളുത്ത ചുംബനം മറ്റുള്ളവകളെ അസാധുവാക്കി എന്ന വാദത്തെ വിശകലനം ചെയ്യാൻ ശ്രമിക്കാം. ഭിന്നലൈംഗികരുടെ ഉമ്മകൾ മുന്നമേ സാധുവായ ഒന്നല്ല. അതുകൊണ്ട് തന്നെ അതിനെ അസാധുവാക്കാൻ പറ്റില്ല. ഭിന്നലൈംഗികരുടെ പ്രശ്നങ്ങൾക്ക് പൊതുസദാചാരത്തിന്റെ മാനം കൊടുത്താലും, അതിനെ നോക്കാൻ ഈ സമരം പര്യാപ്തമല്ല. എന്തെന്നാൽ, ഭി‌‌ന്നലൈംഗികർക്ക് വ്യക്തി നിലയിൽ ഇനിയും പൂ‌‌ർണ്ണ സാധുത കൈവന്നിട്ടില്ല. വ്യക്തി എന്ന നിലയിൽ അടയാളപ്പെടാത്ത ഒന്നിന്റെ ഉമ്മകളും അതുകൊണ്ട് അടയാളപ്പെടുകയില്ല. ആകയാൽ, നിലവിലെ ചുറ്റുപാടിൽ, ഭിന്നലൈംഗികത ഉൾപ്പെടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ചുംബനസമരം അപര്യാപ്തമാകുന്നു. ഈ സമരത്തിനു അത്തരം ഒരു വിശാലമായ ലക്ഷ്യവും സാധ്യതയും ഉണ്ടെന്നു സമ്മതിച്ചാലും നിലവിലെ അവസ്ഥയിൽ ഇത് അതിനു പര്യാപ്തമല്ല. ഉദാഹരണത്തിനു, ഇതെഴുതുന്ന ആൾക്ക് കാമുകി ഉണ്ടെന്നും ഞങ്ങൾ പരസ്യമായി ചുംബിക്കുന്നു എന്നും കരുതുക. ഇതിനു, ഭിന്നലൈംഗികരുടെ അവകാശ സമരത്തിനെ ഏറെയൊന്നും സഹായിക്കാൻ ഇടയില്ല. എന്തെന്നാൽ ഭിന്നലൈംഗികതയെക്കുറിച്ചുള്ള വിചാരങ്ങൾ ഞങ്ങളുടെ ചുംബനത്തെ സാധുവാക്കുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ല. എന്റെ എതിർലിംഗത്തിലുള്ള ഇണയെ ഞാൻ ചുംബിക്കുന്നതിനെ മാത്രമേ സ.പോ തെറ്റും ശരിയുമായി തിരിക്കുന്നുള്ളു. സഹോദരനെ ചുംബിച്ചാൽ അത് പോരാ. അതിന്റെ ചിഹ്നപരമായ മൂല്യം പോലും, നിലവിലെ അവസ്ഥ മൂടിക്കളയും. അതുകൊണ്ട്, HCU വിലെ സമരത്തിൽ സഹോദരന്മാരായ ദയാലും ധീരജും ധീരമായിത്തന്നെ നടത്തിയ ഉമ്മവയ്ക്കൽ കാര്യമായി ആരെയും സ്പർശിക്കാതെ പോകുന്നു. എന്തെനാൽ ധീരജും ദയാലും സമരത്തിനു വേണ്ടിയാണ് തമ്മിൽ ചുംബിച്ചത്. [അല്ലാതെ അവർ ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ കാണാത്തപ്പോഴും അവർ ഉമ്മവയ്ക്കുന്നുണ്ടാകാം. അവർക്ക് വാഴ്തുകൾ.] തന്നെയുമല്ല, സഹോദരർ പരസ്പരസ്നേഹം പ്രകടിപ്പിക്കുന്നതിനു ഉമവയ്ക്കുന്നത് കേരളത്തിലെ കാഴ്ചയേ അല്ല. സഹോദരങ്ങൾക്ക് ഉമ്മ വയ്ക്കാം എന്നത് ഒരു സാധ്യതയാണ്. സൈദ്ധാന്തികമായി അത് ശരിയാണ്. എന്നാൽ പ്രയോഗത്തിൽ, അങ്ങനൊന്ന് ശീലമല്ല. അതുകൊണ്ട്‌ അതിനു കേവലം ചിഹ്നപരമായ മൂല്യം മാത്രമേ ഒള്ളു. അതുകൊണ്ട്, പലതരം ഉമ്മകൾ ഉണ്ടെന്നൊന്നും സ.പോയോട് വിശദമാക്കിയിട്ട് കാര്യമില്ല. എന്തെന്നാൾ അത് അവരുടെ ബോധത്തിൽ ഇല്ലാത്തതോ ഉണ്ടെങ്കിൽ തന്നെ ഓർക്കാൻ അവ‌‌ർക്ക് താല്പര്യമില്ലാത്തതോ ആണ്. ഇത് ഒരു പ്രായോഗിക പ്രശ്നമാണ്. ഒരു സമരത്തിനും സമരരീതിക്കും അത് നടക്കുന്ന കാലത്ത് ആ ഇടത്ത് എന്തെല്ലാം സാധ്യമാകും എന്നതിലെ പ്രായോഗിക പ്രശ്നം എന്നും പറയാം.
വെളുത്ത ഉമ്മ കറുത്ത ഉമ്മ
അരുന്ധതി ബിലാലിനെ ഉമ്മവച്ചതാണ് വൈറലായ ഫോട്ടോ. (ഈ ക്രമം മനപ്പൂർവ്വമാണ്. ഈ ക്രമത്തിന്റെ വസ്തുതാപരമായ ശരി അറിയില്ല. ആർ ആരെ ഉമ്മ വച്ചു എന്നതിന്റെ പ്രസക്തിയെപറ്റി കൂടുതൽ പറയുന്നില്ല. പരസ്പരസമ്മതം ഉണ്ടായിരുന്നു എന്നത് മത്രമാണ് ഇവിടെ പ്രസക്തം.) അതോടെ, ചുരുങ്ങിയത് HCU ചുംബനസമരത്തിന്റെ ചിഹ്നം അരുന്ധതി ആയിത്തീർന്നു. അരുന്ധതിയെ വെളുത്തുതടിച്ച ശരീരമായി പിന്നീട് ചുരുക്കി. ഇതര ശരീരസാന്നിധ്യങ്ങളും അവരുടെ ഉമ്മകളും, അരുന്ധതിയുടെ ഉമ്മയോടെ അസ്പഷ്ടമാക്കപ്പെട്ടു (താഹിർ, 2015). വെളുത്ത ഉമ്മകൾക്ക് കിട്ടിയ തിരക്കാഴ്ചകളെക്കുറിച്ചും അതുമൂലം മറക്കപ്പെട്ട കറുത്ത ഉമ്മകളെപ്പറ്റിയും വൈഖരിയും പറയുന്നുണ്ട്. വൈഖരിയുടേത് താഹിറിന്റേതിൽ നിന്നും വേറിട്ട വാദങ്ങളാണ്. ഉദാഹരണത്തിനു, താഹിർ മുസ്ലീംവിരുദ്ധതാദികൾ അരുന്ധതിയിൽ അദ്ധ്യാരോപം ചെയ്യുമ്പോൾ വൈഖരി അത്തരം ഒന്നിനും മുതിരുന്നില്ല. അസ്പഷ്ടമാക്കൽ എന്ന, ഒരു പക്ഷേ അർത്ഥസ്പഷ്ടത കുറഞ്ഞ വാക്കിനു നൽകാവുന്ന സാജാത്യങ്ങളിൽ വൈഖരിയുടേയും തഹിറിന്റേയും നിലപാടുകൾ കണ്ടുമുട്ടുന്നുണ്ടാകാം. (ബിലാലിന്റെ വർണ്ണാദികൾ ഇതുവരെ അരും പരാമർശിച്ചു കണ്ടില്ല. അവന് വെളുത്ത നിറം. കാശ്മീരിയാണ്. മുസ്ലീമാണ്. വിശ്വാസിയാണോ എന്ന്  അറിയില്ല. അതായത് ഉമ്മയിൽ നിന്നും ബിലാൽ അപ്രത്യക്ഷനായി. കർതൃത്വം അരുന്ധതിയിലേക്ക് ചുരുങ്ങി. അല്ലെങ്കിൽ ചുരുക്കി. മലയാളമാധ്യമങ്ങളുടെ പ്രശ്നം ആകാം ഇത്. ഇംഗ്ലീഷ് മീഡിയ റിപ്പോർട്ടിംഗിനെ എനിക്കറിയില്ല. ബിലാലിനു എന്താണ് പറയാനുള്ളത് എന്നും അറിവില്ല. എന്തു തന്നായലും അത് തീർച്ചയായും പ്രധാനപ്പെട്ട ഒന്നായിരിക്കും. )
എങ്ങനാണ് ശരീരത്തിന്റെ നിറം പ്രധാനപ്പെട്ടതാകുന്നത് എന്നത് സകലർക്കും അറിയാവുന്നതാണ്. സിദ്ധാന്തങ്ങൾ അനവധി. അരുന്ധതി തന്നെ പറഞ്ഞിട്ടുള്ളതുപോലെ, മലയാളി പുരുഷജീവികളുടെ ലൈംഗിക ചോദനകൾ വെളുത്തു തടിച്ച ശരീരങ്ങളിലേക്കാണ് ചെന്നെത്തുന്നത് എന്നു തുടങ്ങിയ  വാദങ്ങളുണ്ട്. മലയാളികൾക്ക് തടിച്ച ബിംബങ്ങളോടാണ് പ്രിയം എന്ന് എം.വി.ദേവൻ (ദേവസ്പന്ദനം) പണ്ടേ‌ പറഞ്ഞിട്ടുണ്ട്. [ഈ വാദങ്ങളുടെ കൃത്യതകൾ പരിശോധിക്കേണ്ടാതണ്. കല്യാണപ്രായമായതിനാൽ തടികുറയ്ക്കണം എന്ന് വീട്ടുകാർ തിട്ടൂരം നൽക്കുന്നുണ്ട് നാട്ടിലെ പെൺകുട്ടികൾക്ക്. കല്യാണമാണ് ലൈഗികബന്ധത്തിനു നാട്ടിൽ നൽകുന്ന ഏക സാമൂഹിക ലൈസൻസ്! പക്ഷേ, സൈസ് സീറൊ ഇപ്പോഴും അഴകളവാണ്. അതുകൊണ്ട് സൗന്ദര്യലൈംഗികഭാവനകളെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ വസ്തുതകളെ അറിയില്ല. ചിലപ്പോൾ, സീറൊസൈസ് നിത്യപ്രദർശനത്തിനും മിൽഫ് ഇടവേളാനന്ദത്തിനും എന്ന ലൈൻ ആകാം. രതികാമനകൾ എങ്ങനേം ആകാം എന്ന് കാമസൂത്രകാരമതം.). ഈ സമരത്തെ വീക്ഷിച്ചവരിൽ സ്ത്രീ പ്രജകളും ഏറെ ഉള്ളതിനാൽ അവരുടെ നോട്ടത്തെക്കുറിച്ച് അന്വേഷിക്കുന്നതും കൗതുകകരമാകും. സ്ത്രീപ്രജകളിലെ ഒരു വലിയകൂട്ടവും (പുരുഷ)സദാചാരബോധത്തെയും നിറത്തിന്റേതുൾപ്പെടെയുള്ള മേൽക്കോയ്മകളേയും വലിയോരളവിൽ പിന്തുടരുന്നുണ്ട് എന്നിവിടെ വിചാരിക്കുന്നു. അല്ലെന്ന് ഉറപ്പിക്കാൻ തല്കാലം തെളിവുകൾ ഇല്ല.
ശ്യാമ എന്നതിനു കറുത്തവൾ എന്നും സുന്ദരി എന്നും അർത്ഥം ഉണ്ട്. (എം.ടിയുടെ രണ്ടാമൂഴത്തിലെ നായിക പാഞ്ചാലിയെ ഓർക്കുക. കറുത്തവളാകയാൽ അവളെ കൃഷ്ണ എന്നും വിളിക്കുന്നു.). ഘനശ്യാമമോഹനനാണ് കൃഷ്ണൻ-കട്ടിക്കറുപ്പ് എന്ന് സാരം. ശ്രീരാമനും കറുപ്പ് തന്നെ നിറം. (നീല എന്നൊക്കെ കവികൾ വെറുതേ പുളുവടിക്കുന്നതാണ്.) കാര്യത്തിലേക്ക് വന്നാൽ, ഇങ്ങനൊക്കെ ആണേലും കറുപ്പിനോട് കാവ്യത്തിൽ മാത്രേ സാമാന്യജനത്തിനു പ്രിയമുള്ളു എന്നു കാണാം. മലയാള സിനിമാ നായികമാർ (നായകന്മാരും) ഏറെയും വെളുത്തതോ വെള്ളപൂശിയതോ ആയ ശരീരങ്ങളാണ്. ഇത് കേരളമോഡൽ മത്രമല്ല. കാരണം മറ്റുഭാഷാചിത്രങ്ങളും സാരമായമാറ്റമൊന്നും ഇല്ലാതെ ഇതേ പാതയിലാണ്. സ്റ്റൈൽ മന്നൻ രജനീകാന്ത് ശിവജിയിലും എന്തിരനിലും വെളുത്താണ്. എന്തിരനിൽ കൂട്ടിനു ഐശ്വര്യാ റായിയും. വെളുത്ത ശരീരത്തിന്റെ  ജനപ്രീതി ഇതിൽ നിന്നും വ്യക്തമാണ്.
ലൈംഗികകാഴ്ചകളിലേക്ക് വരിക. പോൺസൈറ്റുകൾ കണ്ടിട്ടുള്ളവർക്കറിയാം കറുത്ത ശരീരങ്ങളെ എങ്ങനെയാണ് പ്രദർപ്പിക്കുന്നത് എന്ന്. അത് ആനിയന്ത്രിതമായ കാമത്തിന്റെ ഒരു രൂപമാണ്. അക്രമാസക്തമായ കാമമായാണ് കറുത്ത പുരുഷ ശരീരം പ്രദർശിപ്പിക്കുന്നത്.(ഇത് വെളുത്തവന് സ്വന്തം ലൈം‌‌ഗികശേഷിയിലുള്ള സംശയത്തിന്റെയും തന്മൂലം ഉണ്ടായ ഭീതിയുടെയും ഫലമാണ് എന്ന് ഫ്രോയ്ഡാദികൾ പറഞ്ഞേക്കാം.) കറുത്ത സ്ത്രീശരീരങ്ങളെ പ്രദർശിപ്പിച്ചിരിക്കുന്നതും ഏറെക്കുറേ മേല്പറഞ്ഞ രീതിയിൽ തന്നാണ്. എന്തായാലും, കറുത്ത ശരീരങ്ങളുടെ ലൈംഗികതയെക്കുറിച്ച് അത്തരം ഒരു ബോധം ഉണ്ട്. അല്ലെങ്കിൽ അത്തരം ഒന്ന് നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇത് സായ്പിന്റെ കാര്യം. ഇന്ത്യക്കു സ്വന്തമയി പോൺവ്യസായം ഇല്ലെങ്കിലും സാധുജനങ്ങൾ ആശ്രയിക്കുന്നത് ഇതിനെത്തന്നെയാണ്. ഇത് ഇന്ത്യനോ കേരളീയമോ‌ ആയ ബോധമാണ് എന്നതിനു സാധൂകരണം കുറയും എന്ന് വാദിക്കാവുന്നതാണ്. എന്നിരുന്നാലും, വലിയ വ്യത്യാസമില്ല കാര്യങ്ങളിൽ എന്നാണ് തോന്നുന്നത്. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥയിലെ' എരുമ ജാനുവിനെ ഓർക്കുക. കാര്യങ്ങൾ ഇങ്ങനൊക്കെ ആയതിനാൽ, വെളുത്ത ശരീരമുള്ള അരുന്ധതിക്കും കറുത്ത ശരീരമുള്ള വൈഖരിക്കും ചുംബനസമരാനന്തരം കിട്ടുന്ന കമന്റുകൾ മേല്പറഞ്ഞ ബോധത്തിനനുസരിച്ചുള്ള പ്രതികരണമായിരിക്കും. ഇത് സ്വാഭാവികമാണ്. (സ്വാഭാവികം എന്നാൽ ശരി എന്നല്ല.). ഒരു വലിയ ആൾകൂട്ടത്തിന്റെ ലൈംഗികനോട്ടങ്ങളുടെ ഒരു രീതിയെ ഇത് വെളിപ്പെടുത്തുന്നു. (പെൺകൂട്ടങ്ങൾ വൈഖരിഅരുന്ധതിമാരോട് എന്താണ് പറഞ്ഞെന്ന് അറിയില്ല.) ഈ ബോധം ചുംബനസമരമോ അരുന്ധതിയുടെ വെളുത്ത ശരീരമോ ഇപ്പോൾ ഉണ്ടാക്കിയതല്ല. ഇതിവിടെ മുന്നേ‌ ഉള്ളതാണ്. ഈ ബോധങ്ങളുടെ വെളിപ്പെടലിന് ചുംബനസമരം ഒരു നിമിത്തം മാത്രം.
മാധ്യമങ്ങളിലെ ദൃശ്യതയെ നോക്കാം. ഭൂരിഭാഗത്തിന്റെ ചോദനകൾക്കനുസരിച്ച് വിളമ്പിയാണ് നമ്മുടെ കൂടുതൽ മാധ്യങ്ങളും അവരുടെ ധർമം പുലർത്തുന്നത്. (ക്ലീവേജ് പത്രത്തെ അതായത് ടൈംസ് ഓഫ് ഇന്ത്യയെ- ഓർക്കാം. ചുംബനസമരത്തിനും ഏറെ നാൾ മുന്നേ HCU വിലെ സദാചാരം അപകടത്തിലെന്ന് പ്രോഗ്രാമുണ്ടാക്കിയ ടി.വി.9 നെയും ഓർക്കാം.) മാധ്യമങ്ങളെ മാത്രം പറയരുത്. ഇത്തരം സാധനങ്ങളെമാത്രം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്വീകർത്താക്കളേയും പറയണം. അതുകൊണ്ട്, പരസ്പരം കൊടുത്ത് ജീവിക്കുന്ന മാധ്യമങ്ങളും സ്വീകർത്താക്കളും വെളുത്ത ഉമ്മയെ കൂടുതലായി പൊലിപ്പിച്ചതിൽ അതിശയം ഇല്ല. വാങ്ങാനാളുള്ളത് കൂടുതൽ വിൽക്കുനു എന്ന് വേണമെങ്കിൽ ലളിതവൽക്കരിക്കുകയും ആകാം. ഇനി, ചോദ്യം ഇതാണ്, അതുകൊണ്ട് വെളുത്ത ഉമ്മകൾ മാറി നില‌‌ക്കണമോ? അവ പരാജയമാണോ?
വെളുത്ത സ്ത്രീശരീരം കറുത്ത പുരുഷശരീരത്തെ ഉമ്മവയ്ക്കുന്നത് സങ്കല്പിക്കുക. എന്തൊക്കെ പറയും? കറുത്തവൻ അവന്റെ കാമന പൂർത്തിയാക്കി. വെളുത്തവൾ അവളുടെ കഴപ്പിന് കറുപിന്റെ കരുത്തിനാൽ നിവർത്തി വരുത്തി. ഇത് വർണ്ണങ്ങൾക്കപ്പുറത്തെ മനുഷ്യയോജനമാണ്. അങ്ങനെ പലതും പറയാം. തിരിച്ച് കറുത്ത പെണ്ണിനെ വെളുത്ത പയ്യൻ ഉമ്മവയ്ക്കുന്നത് ആലോചിക്കുക. മേല്പറഞ്ഞചേലിലെ നിഗമനങ്ങൾ അപ്പോഴും സാധുവാകും. (തത്വചിന്തയിൽ ഇതിനെ Underdetermination എന്നു പറയും).
കറുത്ത പെണ്ണും ആണുമാണ് ഉമ്മവയ്ക്കുന്നതെങ്കിലോ? ഇവിടെ കുറച്ചു കൂടി കുഴമറിഞ്ഞ നിഗമനങ്ങളാണ്.
1. മാധ്യമങ്ങൾ ഇതിനെ ഏറ്റെടുത്തേക്കാം. എന്തെന്നാൽ, എന്തായാലും ഉമ്മയല്ലേ കുറച്ചെങ്കിലും വിറ്റുപോയേക്കാം. വെളുപ്പിനു കിട്ടിയ മാധ്യമ പൊലിപ്പിക്കൽ കറിപ്പിനു കിട്ടാൻ ഇപ്പൊഴത്തെ അവസ്ഥയിൽ ഇടയില്ല. (Ceteris paribus)
2. കറുത്തജനസാമാന്യം ഇതിനെ എങ്ങനെ കാണും? അവരുടെ സദാചാരബോധം വെളുത്തവരുടേതിൽ നിന്നും സാരമായ വ്യത്യാസം ഉള്ളതല്ല എങ്കിൽ (അങ്ങനല്ല എന്നതിനു നിലവിൽ ഉറപ്പൊന്നും ഇല്ല) അവരുടെ പ്രതികരണത്തിലും സാരമായ മാറ്റം ഉണ്ടാകാൻ വഴിയില്ല. ഉദാ: കറുത്തവർ എന്നും ദലിത് എന്നു സ്വയംതിരിച്ചറിയുന്ന ഒരു പുരുഷൻ 'അവർ (upper cast/class white females) തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല' എന്ന ബേജാറ് പങ്കു വയ്ക്കുകയുണ്ടായി. അവരാൽ നോക്കപ്പെടുന്നതിലാണ് ഇപ്പൊഴും തൃപ്തി. ഇത്, അവനൊരാളുടെ മാത്രം ബേജാറല്ല എന്നാണ് അനുഭവം. പറഞ്ഞ ആൾ, ഇപ്പോൾ നേതാവും, സ്വത്വസംഘടനയിൽ നിന്നും ഒരു സംഘട്ടനാനന്തരം ഇടത്തോട് ചാടി പിന്നെ സ്വത്വത്തിലേക്ക് തിരിച്ചെത്തി ഒരുവൃത്തം പൂർത്തിയാക്കിയ ആളാണ്. അദ്ദേഹം മലയാളി അല്ലാത്തതിനാലും ഇത് മലയാളത്തിലായതിനാലും പേരും കൂടുതൽ വിവരങ്ങളും ആവശ്യപ്പെടരുത്. അത് ഇവിടെ പ്രസക്തമല്ല തന്നെ. കറുത്തവരിൽ കുറെപേരെങ്കിലും വെളുപ്പിലേക്കു നോക്കുകയും വെളുപ്പിന്റെ നോട്ടത്തെ കാംക്ഷിക്കുകയും അവ കിട്ടാതെ വരുമ്പോൾ പലരീതികളീൽ വെകിളിപിടിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രസക്തമാകുന്നത്. കറുത്ത ഉമ്മകളെ അദൃശ്യമാക്കിയതിൽ ഈ ബോധത്തിനു വലിയ പങ്കുണ്ട്. വൈഖരിക്കും അരുന്ധതിക്കും കിട്ടിയ കമന്റുകളിലെ വ്യത്യാസത്തിന്റെ ഒരു കാരണവും ഇതിൽ കാണാം.
വെളുത്ത ശരീരം കറുത്തവകളെ അസ്പഷ്ടമക്കുമോ? തരം പോലെ പറയാം. എന്തെന്നാൽ, നോക്കുന്ന ആളുടെ മുൻധാരണകളും സൈദ്ധാന്തിക കാർക്കശ്യങ്ങളും ഒക്കെയാണ് ഇവിടെ പ്രധാനമായും തീരുമാനമെടുക്കുക. ഉദാഹരണത്തിനു അരുന്ധതി എന്നു പേരുള്ള സവർണ്ണ ശരീരത്തിന്റെ നെറ്റിയിലെ പൊട്ടിനു ബൃന്ദാ കാരാട്ടിന്റെ നെറ്റിലെ പൊട്ടിനോടുള്ള സാദൃശ്യത്തെയും ആചേലിക്ക് ഈ ശരീരത്തിനു ലഭിക്കുന്ന അധികാരത്തെയും അതിലെ പ്രശ്നങ്ങളെയും കുറിച്ച് താഹിർ (2015) പറയുന്നുണ്ട്. ബൃന്ദാകാരാട്ടിനു മാത്രമല്ല ഉഷാ ഉതുപ്പിനും വലിയ വട്ടപ്പൊട്ടുണ്ട് എന്ന് താഹിർ ഓർക്കുന്നുണ്ടാവില്ല. ഐഡിയ സ്റ്റാർ സിംഗറിൽ വന്ന് ദീദി മലയാളത്തിൽ ഹിറ്റായിരുന്നു. ബൃന്ദയേക്കാൾ മലയാളിമഹാജനം ഉഷയെ ഓർമ്മിച്ചേക്കാം. ജേർണലിസ്റ്റുകൾ ഒരു പക്ഷേ ലീല മേനോനെ ഓർമ്മിച്ചേക്കാം. എന്തായാലും ഈ സാധ്യതകളെ താഹിർ ഓർക്കുന്നില്ല. മലയാളിദൃശ്യബോധത്തിൽ-അതിനി കൈരളി ചാനൽ ഉണ്ടാക്കിയതായാൽ പോലും - ബൃന്ധകാരാട്ടിന്റെ പൊട്ടിനു ദൃശ്യത കുറവാണ് എന്നാണ് തോന്നുന്നത്. അരുന്ധതിയുടെ വലിയപൊട്ട് എന്ന ദൃശ്യത്തെ ബൃന്ധയുടേതിനോട് ധൃതിപ്പെട്ട് സാദൃശ്യപ്പെടുത്തിയത് എളുപ്പത്തിൽ സാധ്യമാകുന്ന റിഡക്ഷനിസമെന്ന് പറയാവുന്നതാണ്. (പല സാധ്യതകൾ‌ ഉള്ള സങ്കീർണ്ണമായ ഒരു വിഷയത്തെ ഒന്നിലേക്ക് മാത്രമായി ചുരുക്കുക എന്ന അർത്ഥത്തിലാണ് റിഡക്ഷനിസം എന്നു ഇവിടെ പ്രയോഗികുന്നത്.)
വെളുത്ത അരുന്ധതിയുടെ ചുംബനമല്ല മറിച്ച് അതിനെ മാത്രം ആശ്ലേഷിക്കുന്ന, അതിൽ അതിതല്പരരായ ജനസാമാന്യത്തിനാണ് കറുത്ത ഉമ്മകൾ അദൃശ്യമാക്കിയതിന്റെ പ്രധാന ഉത്തരവാദിത്തം. അരുന്ധതി, അയാൾക്ക് പലകാരണങ്ങളൾ കിട്ടിയിട്ടുള്ള പ്രിവിലേജുകളെത്തിരിച്ചറിഞ്ഞ് കറുത്ത ഉമ്മകളുടെ ദൃശ്യതയ്ക്കുവേണ്ടിക്കൂടി വാദിക്കണം എന്ന് നമുക്ക് ആഗ്രഹിക്കാം. തന്റെ ശരീരം എങ്ങനെ തന്നെ കൂടുതൽ ദൃശ്യപ്പെടുത്തി എന്ന് ആദ്യകാലത്ത് ആരുന്ധതി പറയുകയുണ്ടായതിനാൽ അവർ ഇതെപ്പറ്റി കുറെയൊക്കെ ബോധവതിയാണ് എന്നു കരുതാം. തുടർന്ന് അത്തരം കാര്യങ്ങൽ അവർ കൂടുതൽ പറഞ്ഞതായി അറിവില്ല. വേറൊന്ന്, ഏതൊരാളുടേയും ദൃശ്യതയിൽ അയാളുടെ പ്രിവിലേജുകളും അയാളുടെതല്ലാത്ത കാരണങ്ങളും പങ്കെടുക്കുന്നുണ്ട്. ഉദാഹരണത്തിന്, വൈഖരിയുടെ ജിപ്സി കാറ്റ് എന്ന അഴിമുഖത്തിലെ കോളം വൈഖരിക്ക് നൽക്കുന്ന ദൃശ്യതയും പ്രിവിലേജും ഉണ്ട്. ഇത് വൈഖരി എന്ന വ്യക്തിയുടെ ദൃശ്യതയോടൊപ്പം അനിവാര്യമായി സംഭവിക്കുന്ന ഒന്നാണ്. അരുന്ധതിയ്ക്ക് സംസാരിക്കുന്നതിനു കൂടുതൽ വേദികൾ കിട്ടിയത് അയാളുടെ ദൃശ്യത കൂട്ടിയിട്ടുണ്ട്. വെളുത്ത ശരീരം എന്നത് മാത്രമല്ല അയാൾ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നതുൾപെടെയുള്ള കാര്യങ്ങൾ ഈ വേദികിട്ടലുകൾക്ക് കാരണമാകുന്നുണ്ട്. (അയാൾക്ക് ഡിഗ്രിക്ക് റാങ്ക് കിട്ടിയത് ഈ വേദികൾ കിട്ടുന്നതിനു ഒരു വിധത്തിലും പ്രയോജനപ്പെട്ടില്ല എന്നതും അത് കാര്യമായി ഒരിടത്തും പരാമർശിക്കപ്പെട്ടില്ല എന്നതും രസകരമാണ്). ദൃശ്യത കൂട്ടിയത് ശരീരത്തിന്റെ വെളുപ്പ് മാത്രമല്ല എന്നാണ് പറയാൻ ശ്രമിച്ചത്.
ഇനി, അരുന്ധതി കറുത്ത ഉമ്മകൾക്ക് വേണ്ടി വാദിച്ചിരുന്നു എന്ന് സങ്കല്പിക്കുക. കറുത്ത ഉമ്മകൾക്ക് കൂടുതൽ ദൃശ്യത കിട്ടുമായിരുന്നോ? നിലവിലെ അവസ്ഥയിൽ സാധ്യത കുറവാണ്. സൗന്ദര്യരതിഭാവനകൾ‌ ദൃശ്യങ്ങളുടെ സ്വീകരിക്കപ്പെടലിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആ ഭാവനകൾ വെളുത്തതായിരിക്കെ, അരുന്ധതി ബോധപൂർവ്വം ശ്രമിച്ചാൽ പോലും കറുപ്പിനു കൂടുതലോ‌ വെളുപ്പിനോടൊപ്പമോ‌ ദൃശ്യത കിട്ടാൻ നിലവിൽ സാധ്യത കുറവാണ്. തന്നെയുമല്ല കറുത്തവർക്കുവേണ്ടിക്കൂടി സംസാരിക്കുന്ന വെളുത്ത ശരീരം എന്ന വഴിക്ക് അരുന്ധതി എന്ന വെളുത്ത ശരീരം കൂടുതൽ ദൃശ്യപ്പെടുകയും ചെയ്യും! (ഏറ്റെടുക്കൽ, സംരക്ഷിക്കൽ എന്നീ പദങ്ങൾ കൊണ്ട്‌ ഏറും കിട്ടാനിടയുണ്ട്.) ഈ വിഷമവൃത്തത്തിൽ നിന്നും പുറത്തു കടക്കുക വിഷമമാണ്.
അരുന്ധതി എന്ന വ്യക്തി മറ്റു ചിലതുകൂടി പറഞ്ഞിരുന്നെങ്കിൽ, മറ്റു ചിലയിടങ്ങളിൽ കൂടി ഊന്നൽ കൊടുത്തിരുന്നെങ്കിൽ എന്നൊക്കെ നമുക്ക് ആഗ്രഹിക്കാം. പക്ഷേ, അതാവശ്യപെടാനുള്ള നമ്മുടെ അവകാശത്തിൽ എനിക്ക് സംശയമുണ്ട്. എന്തെന്നാൽ, ചുംബന സമരത്തിൽ പങ്കെടുത്തതും അതിനുവേണ്ടി പ്രതികരണങ്ങൾ തുടർന്നതും വ്യക്തികളാണ്. അല്ലെങ്കിൽ, വ്യക്തികൾ എന്ന നിലയ്കുള്ള അഭിപ്രായങ്ങളാണ് സമരക്കാർ പറഞ്ഞത്. അതുകൊണ്ടുതന്നെ, ഓരോരുത്തരും അവരവരുടെ ബോധ്യാനുസൃതമുള്ള നിലപാടുകൾ പറഞ്ഞു. ഒരു കാരണം ചുംബനസമരത്തിനു കൃത്യമായ ഘടനയോ സംഘടനയോ ഉണ്ടായിരുന്നില്ല എന്നതാണ്. സമരാനന്തരമെങ്കിലും, കൃത്യമായ ഒരു ഘടനയൊ സംഘടനയോ വേണ്ടിയിരുന്നു. സമരശേഷം ഉണ്ടായ പ്രശ്നങ്ങളെ നേരിടുന്നതിനു വേണ്ടിയെങ്കിലും അങ്ങനൊന്ന് ഉണ്ടാക്കാമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ, പറയേണ്ട വിഷയങ്ങളും അതിന്റെ മുൻഗണനാക്രമവും ഒക്കെ കൂട്ടായി തീരുമാനിമായിരുന്നു. ചിലപ്പോൾ, ഏകതാനപ്പെടുത്തലിനെ (homogenisation) കുറച്ചൊക്കെ ചെറുക്കാൻ അതുകൊണ്ട് പറ്റുമായിരുന്നു. പക്ഷേ, അത്തരം ഘടനയോ സംഘടനോ ഇല്ലാത്തതുകൊണ്ട് ഓരോരുത്തരും അവരവരുടെ ശരികൾ പ്രകാരം അവരവരുടെ മുൻഗണനപ്രകാരം സംസാരിച്ചു. അതിൽ, ഏറെ വേദികൾ‌ കിട്ടിയവരും അവരുടെ ചെയ്തികളും കൂടുതൽ പ്രസിദ്ധപ്പെട്ടു. ഇത് ലളിതമാക്കലാണ് എന്നു തോന്നാം. പക്ഷേ, ഇത് വലിയോരളവോളം വസ്തുതയും വാസ്തവവും ആകുന്നു.
വൈഖരി പങ്കുവയ്ക്കുന്ന അശങ്കകൾ പ്രധാനപ്പെട്ടതാണ്. വിയോജിക്കുന്നത് വെളുത്ത ഉമ്മ പരാജയമാണ് എന്നതിലാണ്. ജയപരാജയദ്വന്ദം അത്ര എളുതല്ല വിശദമാക്കാൻ. ഇവിടെ, കറുത്ത പെണ്ണുടലുകളെ മാത്രമല്ല ഒരു പുരുഷ ഉടലിനേയും മീഡിയ പൊലിപ്പിച്ചിട്ടില്ല. ഇത് വൈഖരിയും പറയുന്നുണ്ട്. ബിലാലിനെ പോലും അവർ ഒഴിവാക്കി. ഇങ്ങനൊക്കെ ആണെങ്കിലും, വെളുത്ത സൗന്ദര്യബോധക്കാരുടെ സദാചാരസംഹിതകളെ അരുന്ധതിയുടെ വെളുത്തഉമ്മ ചോദ്യം ചെയ്യുന്നുണ്ട് എന്ന് വൈഖരി പറയുന്നുണ്ട്. വെളുത്ത ആ സൗന്ദര്യബോധം കറുത്ത ആളുകളും പേറുന്നുണ്ട് എന്നതിനാൽ അവരുടെ സദാചാരത്തേയും അത് ചോദ്യം ചെയ്യുന്നു. ആ ചേലിൽ, അരുന്ധതിയുടെ വെളുത്ത ഉമ്മ വിജയം തന്നാണ്. കറുത്ത ഉമ്മകളെ മറയ്ക്കുന്നതിനാൽ വെളുത്ത ഉമ്മ, വൈഖരി പറയും പോലെ, പരാജയം എന്നു സമ്മതിച്ചാൽത്തന്നെയും അതിന്റെ കാരണങ്ങൾ ആലോചിക്കുമ്പോൾ വെളുത്ത ഉടലിന്റെ സാനിധ്യം എന്ന ലളിതമായ ഉത്തരത്തിൽ ശരികേടുണ്ട്. അതുകൊണ്ടുതന്നെ, സമരം വിഭാവനം ചെയ്ത രീതിക്കും പ്രയോഗിച്ച ഘടനയ്ക്കും നിലവിലെ സാഹചര്യത്തിൽ ഉണ്ടാകാനിടയില്ലാത്ത ഒരു വിജയമാണ് വെളുത്ത ഉമ്മകൾ ഇല്ലാതാക്കി എന്ന് എന്ന് വൈഖരി പറയുന്നത്. അതിന്റെ കാരണങ്ങളിലേക്ക് പോയാൽ, കാമ്പസ്സിലെ സ്വത്വരാഷ്ട്രീയ സംഘടനകളുൾപ്പെടെയുള്ളവരുടെ ജെണ്ടർ ബോധത്തെ ചോദ്യം ചെയ്ത വൈഖരിയുടെ തന്നെ ലേഖനത്തെ ഓർക്കാം. (വൈഖരി, 2015 b) സദാചാര നിഷ്ഠയിൽ, സംഘടനാഭേദമില്ലാതെ കാമ്പസ്സിലെ കുറേയേറെ പ്രജകൾ ഒരേതൂവൽപക്ഷികളാകുന്നു എന്നതും ഓർക്കാം. ഏറ്റകുറച്ചിലുണ്ടെങ്കിലും, പെണ്ണുങ്ങളോടുള്ള സമീപനത്തിലും നോട്ടങ്ങളിലും മേലാളകീഴാളനിറഭേദമന്യേ പുരുഷർക്ക് ഇപ്പോഴും സാമ്യങ്ങളാണ് ഏറെ ഉള്ളത് എന്ന അനുഭവങ്ങളെയും ഓർക്കാം. ഈ നോട്ടക്കാരെ ഏറെ ബേജാറിലാക്കാൻ ചുംബനസമരത്തിനും വെളുത്ത ഉമ്മയ്ക്കും കഴിഞ്ഞു.
കാര്യങ്ങൾ എളുതല്ല. സൈദ്ധാന്തികമായി, ചുംബനസമരത്തിനു വൈഖരി പറയും പോലുള്ള വിവക്ഷകൾ ഉണ്ടാക്കാൻ പറ്റുമായിരിക്കും. HCU-സമരം മറ്റൊരു രീതിയിൽ വിഭാവനം ചെയ്യപ്പെട്ടതും ഭിന്നലൈംഗികതയുൾപ്പെടെയുള്ള പ്രശ്നങ്ങൾ അഭിസംബോധനചെയ്യുന്നതിനായി തയ്യാർ ചെയ്തതുമായ ഒരു അക്കാദമിക് വേദിയായിരുന്നിരിക്കാം. അതിനു മറ്റു സാധ്യതകളും കണ്ടേക്കാം. പക്ഷേ, സംഭവിച്ചത് (സഹോദരങ്ങളുടേയും ഭിന്നലൈംഗികരുടേയും ഉമ്മകൾ‌ ഉണ്ടായെങ്കിലും അങ്ങനല്ല. ഉമ്മകൾ, രതിജന്യമല്ലാത്തതുണ്ടെന്ന് ഈ രാജ്യത്തെ ഇപ്പൊഴത്തെ ബോധ്യമല്ല.) അതിന്റെ ഒരു കാരണം, പ്രായോഗിക തലത്തിൽ ഈ സമരത്തിനുള്ള കുറവുകളാണ്. വ്യക്തിയായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി നമുക്ക് സംസാരിക്കാൻ പറ്റില്ല. അക്കാദമിക് ചർച്ച നടത്താം. പക്ഷേ, പ്രയോഗത്തിൽ അത് പരാജയപ്പെടും. കാമ്പസ് എന്ന അക്വേറിയത്തിനു പുറത്ത് ആ വാദങ്ങൾ ആ അളവിൽ സ്വീകരിക്കപ്പെടുകയില്ല. അത് സമരക്കാരുടെ മാത്രം പ്രശ്നമല്ല. നമ്മൾ ജീവിക്കുന്ന ഇടം ചിലതുകളെ കാണാൻ തയ്യാറാകില്ല. അങ്ങനെ വന്നാൽ, കാണാൻ മടിക്കുന്ന ചിലത് ഉണ്ട്‌ എന്ന് തെളിയിക്കുനതിനു മുൻഗണന കൊടുക്കേണ്ടി വരും. (തെലങ്കാനയിലെ കാമ്പസ്സിൽ, സ്ത്രീകൾ മുന്നിട്ട് നടത്തിയതായി പറയപ്പെടുന്ന ചുംബനസമരത്തിൽ, തെലുങ്കാനക്കാരികൾ എവിടെ? അവരുടെ ദൃശ്യത എത്ര എന്ന്? എന്നൊക്കെ ആലോചിക്കാവുന്നതാണ്. നമ്മുടെ സൈദ്ധാന്തിക സൂക്ഷ്മദർശനികൾക്ക് നമ്മൾ കരുതുന്നത്ര ഫോക്കൽ പവർ ഇല്ലെന്നാണ് തോന്നുന്നത്.) സർവ്വരോഗസംഹാരിയാകാനുള്ള കോപ്പൊന്നും ചുംബനസമരത്തിനില്ല. എല്ലാരോഗത്തിനുമായി ഒറ്റമൂലി ആഗ്രഹിക്കാം. പക്ഷേ, അത് ഉണ്ട്‌ എന്നും ഉണ്ടെങ്കിൽ തന്നെ ഫലിക്കുമെന്നും കരുതാൻ ഇപ്പോൾ നിർവ്വാഹമില്ല.
നൻട്രി
ഈ കുറുപ്പിനെ അതിന്റെ ആദ്യകോലത്തിൽ വായിച്ച് വിമർശിച്ച്, തെറിവിളിയല്ലാതെയും സംവാദത്തിനു സാധ്യത്യുണ്ടെന്ന് നിസ്സങ്കോശം വെളിവാക്കിത്തന്ന വൈഖരിയ്ക്ക് വാഴ്തുകൾ. വസ്തുതാപരമായ സംശയങ്ങൾ തിരുത്തിയ അരുന്ധതിക്കും നന്ദി.
എന്നത്തേയും പോലെ ആദ്യവായനക്കാരിൽ ഒരാളായ ശ്രീജിത്തിനും.
കുറിപ്പുകൾ
ചുംബനസമരത്തിന്റെ പെട്ടെന്നുണ്ടായ കാരണം (കോഴിക്കോട്ടെ ഡൗണൺ ടൗൺ ആക്രമണം) മുതലായ കാര്യങ്ങൾ ഇതിൽ പരിഗണിച്ചിട്ടില്ല.
ഭൂരിപക്ഷം, ജനസാമാന്യം എന്നിവ ഒരേ അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അവയെ നിർവചിക്കുന്നില്ല.
ഭിന്നലൈംഗികത എന്നത് heterosexual അല്ലാത്ത എല്ലാ ലൈംഗികതകളേയും കുറിക്കാൻ ഉപയോഗിക്കുന്നു.
ബിബ്ലിയോഗ്രഫി
വൈഖരി ആര്യാട്ട് , 2015a, ചുംബനസമരത്തിന്റെ ഒരു വർഷം: ചുവന്ന ചുണ്ടുകളാൽ മുറിവേറ്റവർക്ക്, http://www.azhimukham.com/news/7910/kiss-of-protest-one-year-kerala-india-moral-police-discourse-discussion-vaikhari/08/11/15
വൈഖരി ആര്യാട്ട്, 2015b, On Immoral Women, Sex And Caste - A Conversation, http://www.countercurrents.org/aryat021015.htm
അനു കെ ആന്റണി, വൈഖരി ആര്യാട്ട്, 2014, ഞങ്ങളുടെ ചുണ്ടുകൾ ആരെയാണ് മുറിപ്പെടുത്തുന്നത്? http://www.azhimukham.com/news/2529/moral-policing-kiss-of-love-culture-kerala-hcu-protest-sangh-vaikhari-anu
താഹിർ ജമാൽ കെ.എം., 2015, സവർണ്ണ ശരീരങ്ങളും കീഴാള ഇടപെടലുകളും: പുതിയ ചെറുപ്പത്തിന്റെ വർത്തമാനങ്ങൾ, http://utharakalam.com/?p=13468
എസ്.കെ.പൊറ്റക്കാട്, ഒരു ദേശത്തിന്റെ കഥ
എം.വി.ദേവൻ, ദേവസ്പന്ദനം

No comments:

Blog Archive