1.
എല്ലാവർക്കുമിഷ്ടപ്പെട്ട കളികൾ കഴിഞ്ഞപ്പോഴേക്കും
അന്നും
വൈകുന്നേരമായി.
പോലീസുവേഷക്കാർക്കായി കള്ളനായും
വേട്ടപ്രിയർക്കായി മാനായും
ഓടുന്നതിന്നിടയിലൂടെ
നേരം തീർന്നുപോയി.
നാളെയും വരണമെന്നും,
കുട്ടിയില്ലാത്തകളികൾക്കൊരു രസവുമില്ലെന്നും
പരിയുമ്പോൾ എല്ലാവരും പറഞ്ഞു.
ഓടിക്കാനൊരു കുട്ടിയെ
എല്ലാവർക്കും ഇഷ്ടമാണ്.
2.
കേട്ടുകേട്ട്
അന്നും
നേരം പോയി.
പറയാൻ എല്ലാവർക്കുമുണ്ട് വിശേഷങ്ങള്‍.
ഒച്ചകൾക്ക് ചെവികൊടുത്ത്
അർത്ഥമുണ്ടാക്കുന്നതിന്നിടയിലൂടെ
സൊറ കഴിഞ്ഞു.
അടുത്തതിന്ന്
നിശ്ചയമായും വരണമെന്നു പറയാൻ
പരിയുമ്പോഴാരും മറന്നില്ല.
മിണ്ടാതൊക്കെയും കേൾക്കുന്നൊരാളെ
എല്ലാവർക്കും ഇഷ്ടമാണ്.
3.
കാതുകിട്ടാത്ത വാക്കുകളെ
തോന്നുമ്പോലെ ചേർക്കലാണ്
മുതിർന്ന കുട്ടിയുടെ കളി.
No comments:
Post a Comment