Thursday, October 28, 2010

പറന്നുപോയ പക്ഷി-അയ്യപ്പന്‌

കവിയും കഴുവേറിയുമായ ഒരാള്‍
സ്വന്തം തെരുവിന്റെ മൂലയ്ക്ക്
എന്നേക്കുമായി കമിഴ്ന്ന് കിടന്നു.
കാഴ്ചയില്‍ കറുപ്പ് കുത്തിയിരിക്കയാല്‍
അവനെ മാത്രം കാണാതെ
ആള്‍ക്കൂട്ടത്തില്‍ ഞാനാവഴി പിന്നിട്ടു.
ഹൃദയത്തില്‍ പൂവേന്തിയ അവന്‍
തുറന്ന ശവപ്പെട്ടിയില്‍
ചുമട്ടുകാരെ കാത്തുകിടന്നു.
ചുമട്ടുകാരോ
ആകാശവെടിക്ക് ഉണ്ട തിരയുന്ന തിരക്കിലായിരുന്നു.
മരണശേഷം മാത്രം നല്ലവരാകുന്നവര്‍
വെയില്‍ തിന്നുന്ന കവിയെ പകുത്തെടുത്തു.
രഹസ്യങ്ങളില്ലാതെ ജീവിച്ചുമരിച്ച കഴുവേറി,
മനുഷ്യന്‍ ഉണ്ടായിരുന്നെന്ന
ഓര്‍മ്മയ്ക്ക് ഉപലബ്ധിയായി.
ഉപലബ്ധികളില്‍ ഭ്രമിച്ചവര്‍
അത് കാണാതെപോയി.
കണ്ടവര്‍ക്കൊന്നും കിട്ടാതെപോയി.
വെയില്‍മോന്തിത്തീര്‍ത്ത് ആ പക്ഷി പറന്നുപോയി.

2 comments:

ജയിംസ് സണ്ണി പാറ്റൂർ said...

മെക്സിക്കയിലോ ചിലിയിലോ
പിറന്നിരുന്നെങ്കില്‍
മലയാള പിഎച്ച്ഡി പണ്ഡിത
രുടെ പുസ്തകങ്ങളിലൂടെ
അയ്യപ്പന്‍(പേരും വേറെയാകും) കവിത
ഫാക്കല്‍റ്റികളില്‍ വായിക്കപ്പെടുമായിരുന്നു
ഇന്നവരോ നക്രങ്ങളെ പോലെ
കണ്ണീരൊഴുക്കുമ്പോഴും
ഒരു പഠനത്തിന്റെയുമവശിഷ്ടനില്ലാതെ
അനിയന്റെ പേനയെ അയ്യപ്പന്‍ കവിതകള്‍
ഊര്‍ജ്ജസ്വലമാക്കുന്നു.

Anonymous said...

സംഗതി ഉഗ്രന്‍. വാക്കുകള്‍ ഇത്തിരി കടുത്തു പോയോ....?

Blog Archive