Sunday, November 21, 2010

എന്റെ പറമ്പ്.

ആലും മാവും ഒന്നിച്ച് അധികാരത്തോടെ നില്‍ക്കുന്നു. അവരെ അധികം ബഹുമാനിക്കാതെ ഒരു പാല. പല പല യക്ഷിയക്ഷഗന്ധര്‍‌വ്വകിന്നരാദികള്‍ അതിലായിരിക്കണം വസിച്ചത്. ആലിനും മാവിനും അര്‍ഹിക്കുന്ന ബഹുമാനം കൊടുത്ത് ഒരു വാളന്‍ പുളി. ഇവരാണ്‌ ആ പറമ്പിലെ അതികായര്‍. ദോഷം പറയരുത്, കായ്ക്കാന്‍ തുടങ്ങിയ പ്ലാവൊന്ന് ഒരു മൂലയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുറ്റ്ലയായതും അല്ലാത്തതുമായ കുറച്ച് വാഴകള്‍.(ഞാന്‍ വച്ച വാഴ കുറ്റ്ലയായിപ്പോയതിനാല്‍ 'എന്റെ വാഴക്കുല' എന്നിനിയും എഴുതീട്ടില്ല.) മച്ചിങ്ങയാണോ തേങ്ങയാണോ വലുതെന്ന് നിശ്ചയമില്ലാതെ അഞ്ചാറ്‌ കൊന്നത്തെങ്ങുകള്‍. കാട്ടപ്പ(നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച),തൊട്ടാവാടി, ഞൊട്ടാഞൊടിയന്‍, ചൊറിയണം ഇത്യാദി വെറും ലോക്കല്‍സും സമാധാനത്തോടെ വാഴുന്ന ഇടമായിരുന്നു എന്റെ ആ പറമ്പ്. കുറുന്തോട്ടി, വാതമില്ലാത്ത അവിടെ ബാക്കിയുണ്ട്. ഇവയ്ക്കിടയില്‍ പഴുതാര മുതല്‍ പാമ്പുവരെയും പാറാട മുതല്‍ കാക്ക വരെയും അത്യാവശ്യം അലമ്പും  കലമ്പലുമായി അവിടെ ഉണ്ടായിരുന്നു.

ഒരു പറമ്പ് ഇങ്ങനെ സമാധാനത്തില്‍ മരുവുന്നതില്‍ പ്രതിഷേധിച്ച് ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേതമന്യേ ചീട്ടുകളിക്കാര്‍ എപ്പോഴാണ്‌ അവിടേക്ക് അധിനിവേശിച്ചത് എന്നറിയില്ല. 'വട്ടമെത്തുമ്പോള്‍' വല്ലപ്പോഴും ഒരു കമ്പനി നടത്തുവാന്‍ സ്ഥലത്തെ യുവത്വം ആഴ്ച്ചയില്‍ അഞ്ചോ ആറോ തവണ അവിടെ മേളിക്കാറുണ്ട്. ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് പറക്കുകയും ഇഴയുകയും ചെയ്യുന്ന സ്ഥലവാസികളില്‍ പലരും വേറെ ഇടം അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു. ഇങ്ങനെ കാലം പോകുന്നതിനടിയിലെപ്പൊഴോ പുളിമരത്തിന്റെ ചുവട്ടില്‍ ആരോ ഒന്നു നിസ്കരിച്ചു. തുടര്‍ന്ന് ആ പുളിമരച്ചോട്  ആ വഴിപോകുന്നവരുടെ നിസ്കാരസ്ഥലമായി മാറി. ഏതൊരിടം പോലെയും ഒരു പുണ്യസ്ഥലം!

ചീട്ടുകളി അഭംഗുരം തുടരുന്നതിന്നിടയില്‍ മുള്ളാന്‍ പോയ ഒരാളാണ്‌ ആലിന്റെ ചോട്ടില്‍ വിശേഷാല്‍ വിശേഷമുള്ള ഒരു പാമ്പിനെ കണ്ടത്. ഉള്ളിലുള്ളവന്റെ മറിമായം! മുള്ളാന്‍ ചെന്നവന്‍ കണ്ടത് സ്വര്‍ണ്ണനാഗത്തെയാണത്ര! പലപ്പോഴായി ആ വഴിപോയിട്ടുള്ള പാമ്പുകളില്‍ ഒരുത്തനു മാത്രം, ഇല്ലാത്ത പ്രാധാന്യം നല്‍കിയതില്‍ ഉരഗവര്‍ഗ്ഗമാകെ പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് മുള്ളാന്‍ ചെന്ന ഒരാള്‍ ആ പ്രതിഷേധം ഏറ്റ് വാങ്ങി ദിവംഗതനായി. സ്വര്‍ണ്ണനാഗം, നാഗകോപം, പ്രശ്നം, പരിഹാരം, ചക്ക, മാങ്ങ, തേങ്ങ... ഒരു ദിവസം വെളുത്തപ്പോള്‍ ആല്‍ച്ചുവട്ടില്‍ പുണ്യപുരാതനമായ ക്ഷേത്രാവശിഷ്ടങ്ങള്‍. പാലച്ചുവട്ടില്‍ വിചിത്രശിലാരൂപങ്ങള്‍. എന്തിന് നാട്ടില്‍ കാവിയുടുത്തവരുടേം അല്ലാത്തവരുടേം ശ്രദ്ധ എന്റെ പറമ്പിലായി. ഉടുക്കാനില്ലാത്തവര്‍ ഇതൊന്നും ഗൗനിച്ചില്ല.

കണ്ട കാക്കാന്മാര്‍ ക്ഷേത്ര പരിസരം അശുദ്ധമാക്കിയതില്‍ നാഗങ്ങള്‍ കോപിച്ചതാണെന്ന് പേരിനൊപ്പം വിദ്വാനുള്ള ഒരാള്‍ കക്ക അല്ല കവടി നോക്കി പറഞ്ഞു. സനാതനധര്‍മ്മക്കാര്‍ എന്നും അല്ലാത്തവര്‍ എന്നും ചീട്ടുകളിക്കാര്‍ രണ്ടായിത്തിരിഞ്ഞു. കഴുതകളി മൂര്‍ച്ഛിച്ചു. പുളിഞ്ചോട്ടില്‍ നിസ്കരിക്കുമെന്നും എന്നാലതൊന്ന് കാണണമെന്നും ആക്രോശങ്ങള്‍ മുഴങ്ങി. ഈ ചൊറിച്ചിലില്‍ പറമ്പിലെ ചൊറിയണങ്ങള്‍ നാണിച്ചു. ചീട്ടുകളി കയ്യാങ്കളിക്ക് വഴിമാറി.
സകലരുടേയും ചോര, പക്ഷേ, ചുവന്നിരുന്നു.
കാക്കാന്മാര്‍ അമ്പലം കയ്യേറിയിരിക്കുകയാണെന്നും അത് പൊളിച്ച്  വേറെ അമ്പലം പണിയണമെന്നും അഖിലഭാരതീയ സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ആഹ്വാനിച്ചു. ഒരു സുപ്രഭാതത്തില്‍ രാമന്‍ മുതല്‍ ഹനുമാന്‍ വരെയുള്ള പേരുകള്‍ മുഴക്കിക്കൊണ്ട് കുറച്ചാളുകള്‍ പറമ്പ് കയ്യേറി. പഴുതാര, പച്ചിലപ്പാമ്പ്, മരപ്പട്ടി, തൊരപ്പന്‍ ഇങ്ങനെ കുറേ അന്തേവാസികള്‍ക്ക് ജീവന്‍ പോയി. പറക്കാന്‍ കഴിയുന്നവര്‍ക്ക് ജീവന്‍ ബാക്കി കിട്ടി. പഞ്ചായത്തില്‍ നിന്നും അവരോധിച്ച പോലീസുകാര്‍ അക്രമികള്‍ക്ക് അപകടം പറ്റാതെ സ്തുത്യര്‍ഹമാം വണ്ണം സ്വവേല നിര്‍‌വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റാദികൾക്ക് അന്ന് ഗാന്ധിസ്മരണയുണ്ടായിരുന്നു. തിരക്ക്!

ആതിക്രമിച്ചവര്‍ക്കിടയില്‍ അമ്പലം ആരുടെ പേരില്‍ വേണം എന്നതിനെ കുറിച്ച് ചര്‍ച്ച നടന്നു. വരദമാരായ സീതയോ ഗൗരിയോ ലക്ഷ്മിയോ വേണം പ്രതിഷ്ഠ എന്ന് മഹിളാ വിഭാഗം. ഹനുമാന്‍ വേണം എന്ന് ജന്തുസ്നേഹികള്‍. എണ്ണത്തിലും വണ്ണത്തിലും കൂടുതലായ പുരുഷകേസരികള്‍ എതിര്‍ത്തു. ഒടുവില്‍ മുഖ്യ പ്രതിഷ്ഠ രാമനാകട്ടെ എന്നും കൂടെ സീതയും ഹനുമാനും ആകാമെന്നും ആള്‍ക്കൂട്ടത്തിന്റെ ഗുരു സമാധാനം കണ്ടെത്തി. പാലച്ചോട്ടില്‍ യക്ഷീപ്രതിഷ്ഠ ബോണസ്. അമ്പലനിര്‍മ്മാണത്തിനായി രാമനാമത്തില്‍ ഇഷ്ടികകള്‍ കുമിഞ്ഞ് കൂടി.  മുറ്റത്തെ കമിഴ്ന്ന പ്ലാവില മലര്‍ത്താത്ത പലരും സ്വയം സേവന സന്നദ്ധരായി. പ്രശ്നം വഷളായി.

എന്റെ പറമ്പില്‍ നിങ്ങള്‍ക്കെന്ത് കാര്യം എന്നു ചോദിച്ചതിന്, നെടുംകുറിയണിഞ്ഞ ഒരുവന്‍ എന്റെ പച്ചക്കള്ളിമുണ്ടിലേക്ക് തുറിച്ച് നോക്കി.  ഈ നാട്ടിലെ മതേതരവേഷം പാന്റാണെന്ന് ബോധ്യപ്പെട്ട് ഞാന്‍ ജീവനും കൊണ്ട് ഓടി.

അമ്പലപ്രശ്നത്തില്‍ പഞ്ചായത്താകെ അല്‍ക്കുല്‍ത്തായി. കേസായി. ഭൂമിയുണ്ടാകുന്നതിന്നും മുന്നേ അവിടെ അമ്പലം ഉണ്ടായിരുന്നെന്ന് ചിലർ കുഴിച്ചു നോക്കി കണ്ടെത്തി. എന്തു തോന്ന്യാസവും നിറയ്ക്കാവുന്ന ചാക്കല്ല ചരിത്രം എന്നു പറഞ്ഞവരെ ന്യായാധിപർ കണ്ണുരുട്ടിക്കാണിച്ചു. ഇതിന്നിടയിൽ ചിലരെയെല്ലാം രാജ്യദ്രോഹികളാക്കിക്കൊണ്ട് സനാതനധർമ്മക്കാർ വിളംബരം നടത്തി.
ഒടുക്കം വിധിവന്നു.
സനാതനധര്‍മ്മക്കാരുടെ വിശ്വാസത്തെ തെളിവായെടുത്ത് ആലും മാവും പാലയും ഉള്‍പ്പെടുന്ന സിംഹ ഭാഗം അവര്‍ക്ക് വിട്ട് കൊടുത്തു. അവർക്കവിടെ എൻ തോന്നയാസവും ആകാം. പുളിമരത്തിനു ചുറ്റും ഒരിത്തിരിവട്ടം കാക്കാന്മാര്‍ക്ക്.  എല്ലാരും ഹാപ്പി.

പക്ഷേ, എന്റെ പറമ്പ്. നാൻ നട്ട  പല പല വാഴകള്‍ കുറ്റ്ലയാക്കിക്കളഞ്ഞ ആ പറമ്പ്. അവിടെ ഒരു വാഴ കുലച്ചിട്ട് , 'എന്റെ കുല' എന്ന മഹാകാവ്യം എഴുതാനിരുന്ന, ആ കാവ്യവഴിയില്‍ വിശ്വസാഹിത്യകാരനാകേണ്ട ഞാന്‍. ആ ഞാനിപ്പം വെറുമൊരു ചരിത്രകാരന്‍. കേസില്‍ കക്ഷിചേര്‍ന്നിരുന്നെങ്കില്‍ ഒരു വാഴയ്ക്കുള്ള സ്ഥലം എനിക്കും കിട്ടുമായിരുന്നെന്ന് ഒരു ന്യായാധിപന്‍ പിന്നീട് എന്നോട് സ്വകാരിച്ചു. പറമ്പിന്റെ ചരിത്രത്തെക്കുറിച്ച് ചാനല്‍ ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ ക്ഷണമുണ്ട്. ചര്‍ച്ചയൊതുങ്ങി, ഒക്കെ ഒടുക്കി തനിച്ചാകുമ്പം തേട്ടിവരും, എന്റെ പറമ്പ്.

14 comments:

Sreejith. K. K. said...

ഒരു ബഷീറിയന്‍ സ്പര്‍ശം ഉള്ളത് പോലെ

Sreejith. K. K. said...
This comment has been removed by the author.
ajay said...

Sumbhavam Ugral ugran!!
Oro variyum chintasundaram. Thalakkettum tathvikam. (seeriyalil abhinayikkunnathinu munpu) enna oru vari mathram oru abhangiyayi thonni. Athu neekkan kazhiyumenkil uchithamayirikkum.

Dhanusha said...

Aake oru Basheer touch...Oru Shinodian touch illallo????

V 231 said...

Good I like it

Pranavam Ravikumar said...

Even I feel the effect of Basheer somewhere...

All the best!

ഇഗ്ഗോയ് /iggooy said...

ഞാന്‍ പറയുന്നതാണ് ഭാഷ എന്ന് കാട്ടിത്തന്ന ആളല്ലേ ബഷീര്‍ ആ
സ്വാധീനം ഉണ്ടാകാം. സൂക്ഷിക്കാം.
പിന്നെ ഷിനോദിയന്‍ ഒക്കെ ആകാന്‍ നേരമെടുക്കുമായിരിക്കും.
അജയ് പറഞ്ഞത് നേരാണ്‌. ശരിയാക്കുന്നു.
കമന്റടിക്കാര്‍ക്ക് പ്രത്യേകം നോ നന്ദി.
ഹ് ഹി

Unknown said...

kaaviye athra angadu kaliyakkiyathu theerey seriyayittilllaaaa.... this is two much

ജയിംസ് സണ്ണി പാറ്റൂർ said...

അങ്ങനെ എഴുതി വളരട്ടെ. വലുതാകട്ടെ
ഈ എഴുത്തിന്റെ ലോകം. പിന്നെ കുറെ
വരിയും എടുത്തിട്ട് പോയിട്ട് കാണാനില്ല
കൃഷ്ണനും ഭക്തയും കാത്തിരിക്കുന്നു.

MOIDEEN ANGADIMUGAR said...

മനോഹരമായി അവതരിപ്പിച്ചു.

Unknown said...

കേരളത്തിനെ നിലവിലെ സാമൂഹിയ ചിന്തകളില്‍ ..... ഒരു പൊതു സത്യം .. കയ്യേറ്റത്തിനും സ്വന്തം താത്പര്യങ്ങല്കും ദൈവ്ങ്ങളെ കൂട്ട്പിടിക്കുന്ന മ്ലെച്ചം എന്ന് തന്നെ പറയാവുന്ന ഒരു പ്രവണത .. അതിനെതിരായ നല്ലൊരു രചന ..

Mind Butterfly said...

for the themes touched upon in this, it is surprisingly a pleasant read...good job!

vignesh gangan- വിഘ്നേഷ്‌ ഗംഗന്‍ said...

Excellent !
വേണ്ട സമയത്ത് തന്നെ ...

Sreejith. K. K. said...

വാഴകുലച്ചിട്ടു ഇനി വിശ്വ സാഹിത്യകാരൻ ആകൽ തരപ്പെടും എന്ന് തോന്നുന്നില്ല. തത്കാലം NRS ന്റെ മുന്നില് ഒരു മഞ്ചാടി മരം നട്ടിട്ട് , ആ പ്രബന്ധം അങ്ങട് വയ്ക്യ. ചാനൽ ചർച്ചകളിലേക്ക് എപ്പോ ക്ഷണം വന്നു എന്ന് ചോയിച്ചാമതി.

Blog Archive