Saturday, January 1, 2011

വര്‍ഷാന്തം

1.
വിശേഷങ്ങള്‍ക്ക്
ചുവപ്പടയാളം കൊടുത്ത
ഒരു താള്‍ കൂടി
ചുമരെഴുത്തില്‍ നിന്നും
താഴേക്ക്.
ചുവപ്പിന്‌ ശേഷം
ഇരുളെന്നും വെളിച്ചമെന്നും
സന്ധ്യകളുടെ തീരാത്തര്‍ക്കം
വിചാരണാനന്തരം
വാദിക്ക് ജീവപര്യന്തം.
2.
ഭൂമി
പഴേപോലെ സൂര്യനു ചുറ്റും.
ഞാന്‍ എനിക്കു ചുറ്റും.
മുളയ്ക്കാത്ത വാക്ക് വിതച്ച പാടത്ത്
നീരവം നീ ചുറ്റുന്നുണ്ടോ?
3.
മെല്ലിച്ച മഴയില്‍
വളരെ നനഞ്ഞാരോ
വിളക്കും പാട്ടുമായ്
തനിച്ചു പോകുന്നു.
തണുപ്പില്ലാഞ്ഞിട്ടും
വിറച്ചുകൊണ്ട് ഞാന്‍
അയാളെ എന്തിനോ
തുറിച്ച് നോക്കുമ്പോള്‍
കരങ്ങളില്‍ ചെറുചിരാതുമായ്
കുഞ്ഞുകരങ്ങളപ്പാട്ടിന്‍ വിരല്‍ പിടിയ്ക്കുന്നു.
അവര്‍ക്കുമേല്‍ സൂര്യന്‍ ചിരിച്ചുദിക്കുന്നു.

3 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഈ നല്ല കവിത വായിച്ച് അഭിപ്രായം
കുറിയ്ക്കാനാരുമെത്താതു ഖേദകരം
ജാലകം,ജംഗ്ഷന്‍ കേരള,തനിമലയാളം
എന്നിവയില്‍ ഈ ബ്ളോഗ് ഉടന്‍ രജിസ്റ്റര്‍
ചെയ്യണം.

ഇഗ്ഗോയ് /iggooy said...

othiri santhosham
ee nalla vaakkukalkk

Unknown said...

നന്നായിട്ടുണ്ട്

Blog Archive