Thursday, February 3, 2011

ഓഹരി

നിശതന്നോഹരിവിപണിയില്‍ കാള-
കരടിവേഷങ്ങളണിഞ്ഞ് മത്സര-
ക്കിടക്കയില്‍ നമ്മള്‍ പകുത്തു തോല്‍ക്കാതെ
ഇരുള്‍ മുഖം ചുവപ്പണിഞ്ഞിടുംവരെ.

വിപണിതന്‍ കയറ്റിറക്കങ്ങള്‍ പോലെ
കുടിലം നിന്‍ മാംസവടിവുകള്‍
തീരാക്കടങ്ങളില്‍ എന്നെ തളച്ചിടും
വില കുതിച്ചുമാറുന്ന പിണഞ്ഞ രേഖകള്‍.

പൊടുന്നനെ ലാഭമെടുത്ത് പിന്‍‌വാങ്ങി
കിതപ്പിനായിക്കാത്തിരിക്കും പോല്‍ സൂക്ഷ്മം
അവസരങ്ങള്‍ കാത്തിരുന്നു, നീ, ഞാനും
പരസ്പരം ലാഭമെടുക്കാന്‍, വില്‍ക്കുവാന്‍

വിയര്‍പ്പിനോടൊത്ത് സ്ഖലിച്ച രേതസ്സില്‍
അണുരൂപമാര്‍ന്നു തുടിച്ച ജീവനെ
രതിമൂര്‍ച്ഛാന്തരം മറന്ന ജല്പന-
പ്പൊരുളുപോലൊട്ടും മതിച്ചതില്ല നാം.

ഒടുവില്‍ നിന്നടിവയറ്റിലെന്‍ പുനര്‍-
ജ്ജനിയെ ഭാരമായ് തിരിച്ചറിഞ്ഞ നാള്‍
സതീ സഹജമാം മൃദു വികാരത്താല്‍
തരളിതേ തെല്ലു മുഖം കുനിച്ചു നീ

മറന്നു നീ മുഖം കുനിക്കയില്ലെന്ന
ദൃഢപ്രതിജ്ഞയും, തരളമാലില
വയറിന്‍മേലെന്റെ വിരല്‍ പരതവേ
മകന്നു പേരോര്‍ക്കും വെറും പെണ്ണായി നീ.

വിലയിടിയും ഓഹരികള്‍ കൈമാറി
സുരക്ഷതേടുന്ന വിപണിതന്‍ തന്ത്രം
മറന്നതേയില്ല, മറവി ഓഹരി-
വിപണിയിലെന്നും മരണസൂചിക.

കിതപ്പിലും കുതിച്ചുയരും നിന്നെ
ഞാനറിഞ്ഞപോലാരും അറിഞ്ഞിട്ടേയില്ല,
വെറും പെണ്ണായ് നീയും പുരുഷനായ് ഞാനും
ഒരു മാത്രയൊന്നു പതറിയെങ്കിലും
കരുത്തുകാട്ടി നാം കുതിച്ചു പിന്നെയും.

"ഒരിക്കലും ലിസ്റ്റില്‍ വരാത്തൊരോഹരി
വലിച്ചെറിഞ്ഞു" നിന്‍ ചിലമ്പിച്ച മൊഴി
ദ്രുതചഞ്ചലിതം ഒരുരൂപാമൂല്യം
അതിലെന്റെ പ്രതിഫലനം കണ്ടൂ ഞാന്‍.

8 comments:

അപരൻ said...

നല്ല കവിത. ഇത്തിരി അക്ഷരത്തെറ്റുള്ളത് തിരുത്തുമല്ലോ.

അപരൻ said...

നല്ല കവിത. ഇത്തിരി അക്ഷരത്തെറ്റുള്ളത് തിരുത്തുമല്ലോ.

Unknown said...

ഓഹരി വീതിച്ച് കഴിഞ്ഞിട്ടും വിപണിയറിയാത്തവള്‍ക്ക് ലാഭമോ നഷ്ടമോ?

കവിത ഇഷ്ടപ്പെട്ടു.

ajay said...

kidu!

Jithu said...

:)

ജയിംസ് സണ്ണി പാറ്റൂർ said...

പ്രണയത്തിനോരോഹരി

Pranavam Ravikumar said...

നല്ല വരികള്‍..ആശംസകള്‍

Unknown said...

കവിതയില്‍ ഒരു പുതുമ ഒന്നും ഇല്ല ...

Blog Archive