Saturday, June 30, 2012

മഴയ്ക്ക്

മഴ പെരുക്കുന്നു
മനസ്സിലെ മടമുറിയുന്നു
ഒലിച്ചുപോം മുന്‍പ്
തടപണിയണം.

കുരുതി നീയാണ്‌
ഉതിരത്തിന്‍ പശ
ഉറപ്പിക്കും
അകവരമ്പുകള്‍.

മഴയൊഴിഞ്ഞിട്ട്
ഉഴുതുള്‍പ്പാടത്ത്
മറവിതന്‍ വിത്ത്‌
വിതയിറക്കണം.
അതിന്‍ കതിര്‍ കൊയ്ത്
പതിരൊഴിച്ച്
നിന്‍ പേരില്‍ പൊലിച്ച്
ബാധയൊഴിക്കണം.
പിന്നെ
വരുന്ന വേനക്ക്
തരിശ്ശിടും മണ്ണ്.

മഴ വിളിച്ചാലും
പൊടിച്ചിടാമട്ടില്‍
കറുപ്പായാമണ്ണില്‍
മരിച്ചു ചേരണം.

ഇടിയായും
മിന്നല്‍ വെളിച്ചമായും
വിളിക്കരുത്.
മറവുചെയ്തതിന്‍
മുകളില്‍ കൂണായി
മുളച്ചുപൊന്തും ഞാന്‍.

4 comments:

ajith said...

മടയുറയ്ക്കാന്‍ ബലിയായവര്‍ക്ക്...

- സോണി - said...

മറവുചെയ്തതിന്‍
മുകളില്‍ കൂണായി
മുളച്ചുപൊന്തും ഞാന്‍...

പ്രത്യാശയോടെ അന്ത്യം...
ഇഷ്ടമായി.

ഉദയപ്രഭന്‍ said...

കവിത ഇഷ്ടമായി. ആശംസകള്‍

പി. വിജയകുമാർ said...

"മറവി തൻ വിത്ത്‌ വിതയിറക്കണം"..
ഞാനും കൂടെയുണ്ട്‌.

Blog Archive