Saturday, December 14, 2013

അരണ്യകം

കുടയുള്ളാരും
കൂട്ടിനില്ലായ്കയാല്‍
നനഞ്ഞൊലിച്ചു നില്‍ക്കുന്നൂ
നാം ചാഞ്ഞിരുന്ന മാമരം.

എറെ ഗ്രീഷ്മവിഷാദങ്ങള്‍
ഏറ്റുവാങ്ങിക്കടുത്തതാം
കാത്തിരിപ്പിന്നൊടുക്കത്തെ
കാറ്റില്‍ വന്ന പേമഴ
രാപ്പാതയില്‍ തനിച്ചാക്കി
മടങ്ങിപ്പോയ് അപ്പൊഴും
മടുക്കാത കൂടെ
പെയ്തുപോരുന്നൂ മരം.

ഈറന്‍ കാറ്റുലയ്ക്കുമ്പോള്‍
വേരോളം വിറയ്ക്കുന്നൂ
നീ പോയതില്‍പ്പിന്നെ
ഒറ്റയായീ മരങ്ങളും.
തണുക്കിലും ഇനി വിറയ്ക്കില്ല
നാമന്നിരുന്ന ചില്ലകള്‍
ഏറെ നീണ്ടതെറ്റിന്ന്
വെട്ടിക്കളഞ്ഞതൊക്കെയും.

മാനത്തേക്കുയര്‍ത്തിയ
മുറിഞ്ഞ കയ്യില്‍, കൊള്ളിയാന്‍
നാവുനീട്ടിയാകാശ-
ഭ്രാന്തുപൊട്ടിച്ചിരിക്കവേ
ആഴത്തിന്റെ രഹസ്യങ്ങള്‍
തൊട്ടുപേടിച്ച വേരുകള്‍
കെട്ടിപ്പിടിക്കുന്നുണ്ടാകും
മണ്ണിന്നാര്‍ദ്രമനസ്സിനെ.

വിചാരണയ്ക്കെടുക്കാത്ത
തടവുകാരന്റെ ദു‌ര്‍‌വ്വിധി
വേരാഴ്തിയ വാഴ്വിന്റെ
അരണ്യം നിന്റെ ജീവിതം.
വേരുള്ളത്ര കാലവും
ഋതുക്കളോടൊത്ത് മാറണം.
തളിരിടാന്‍ ശ്രമിക്കുന്നു
തനിച്ചെന്നുറച്ച മാമരം.

ഒരു പൂവ്.
വേരിന്‍ കിനാക്കളില്‍
പൊടിച്ചുവോ വീണ്ടും
ജലസ്മൃതി.

Tuesday, November 26, 2013

അവ്യക്തം

 അപര്‍ണ്ണയുടെ  Blurred Visions ന്റെ തര്‍ജ്ജമ

വരയ്ക്കുക എന്നാജ്ഞ.

നേരെയാകണം വര.
കറുപ്പില്‍ ഇടത്തോട്ട്
വെളുപ്പില്‍ വലത്തോട്ട്.

അയത്നമനുസരിച്ച-
തിശയിച്ചെന്‍ വര.

കറുപ്പും വെളുപ്പുമായ്‌
മരത്തെ വരക്കുക.

ആജ്ഞകള്‍ തുടരുന്നു

ചായങ്ങളൊക്കെയും തിരിച്ചു കൊടുത്തു ഞാന്‍
തിരിഞ്ഞു നടക്കുമ്പോള്‍ നിറഞ്ഞൂ കണ്ണുകള്‍
കറുപ്പും വെളുപ്പുമായ്
എങ്ങനെ? മരത്തെ ഞാന്‍?

ഗാധത്തിലഗാധത്തില്‍
പ്രായപ്പകര്‍ച്ചകളില്‍
വേരുകള്‍ നിത്യചാരികള്‍.

പച്ചയായ് മഞ്ഞയായ് കാവിയായ്
നിറങ്ങളൊക്കെയും  കെട്ടിപ്പുണര്‍ന്നുടല്‍.

കാറ്റത്തുലയണോ
കാതല്‍ കടുക്കണോ
അനിശ്ചയം ചില്ലകള്‍.

വാസന്തശരത്തുകള്‍
കുഴക്കുന്ന ഇലകള്‍.

പാപപുണ്യങ്ങളെ പങ്കിട്ട്‌ കായകള്‍.

പറയുകെങ്ങനെ
വെറും കറുപ്പിലും വെളുപ്പിലും
ഞാന്‍ വരക്കും സാകല്യം?

മങ്ങിയ കാഴ്ച്ച കൊണ്ട്
ജീവിതം വരയ്ക്കാതെ
ആകയാല്‍ അകലേക്ക്
പോകുന്നൂ സുഹൃത്തേ ഞാന്‍.

Saturday, November 23, 2013

ഉടുപ്പ്

നടപ്പുനീതികള്‍
ഉടുത്തു കെട്ടി
ഉയര്‍ന്ന തലയുമായ് നടക്കുന്നു.
ഓരത്തിലോരത്തിലേക്ക്
പോരാത്തുടുപ്പുകളെ
വകഞ്ഞു മാറ്റുന്നു.

നഗ്നതകളില്‍
ശ്ലീലാശ്ലീലവിചാരം
വിടര്‍ത്തി നിര്‍ത്തി
ഗ്ലാമെറന്ന വാക്ക്.
മുട്ടുമറയാത്തുടുപ്പിലെ നീ
മുണ്ടുടുത്ത എന്നെ കളിയാക്കുന്നു
വാഗര്‍ത്ഥചിചാരങ്ങള്‍
കുലുങ്ങിച്ചിരിക്കുന്നു.

വേഷങ്ങളില്‍
എത്രവേഷങ്ങളെന്ന്
വേവുന്നതെത്ര വംശങ്ങളെന്ന്
ചിരികൊളുത്തുന്ന
ചോദ്യമാകുന്നു.

എടുപ്പുകള്‍ എല്ലാമഴിച്ച്
ഉടലെന്ന നേരാകാന്‍
കുട്ടികള്‍ പോലുമല്ല
തുടലേറെക്കെട്ടി
മുതിര്‍ന്നു നമ്മള്‍.

Wednesday, October 9, 2013

കൊടിനിറം

ഇരുട്ടത്ത് നിറം മാറും
കൊടി പിടിക്കും നിനക്ക്
എന്ത് ന്യായത്തില്‍ കുത്തും
ഞാനെന്റെ വോട്ട്?

പോയരാവില്‍ കണ്ടതാണ്‌
നിന്റെ കൊടിയുടെ തനിറം
വെവ്വേറെ കൈകളില്‍ പാറിടും
പതാകകള്‍ക്കൊരേ നിറം.

നിലച്ച ശ്വാസത്തിനും
പുനര്‍ജ്ജന്മമുണ്ടാകാം
പോയവിശ്വാസത്തിന്‌
ഇല്ലല്ലോ മറുജന്മം.

വെട്ടത്തും ഇരുട്ടത്തും
ഒരേ നിറത്തില്‍ പാറും
കരിങ്കൊടിവീണ്ടും
ഉയരെപ്പാറുന്നുണ്ട്.

Sunday, September 29, 2013

വാക്ക് ഓര്‍മ്മ പക

പറഞ്ഞതേറെയും മറന്ന്
കതിരു കൊയ്ത് നീ
തിരിച്ച് പോം.
സംഘമൊഴികളാല്‍
പതമ്പളന്നുമേടിച്ച്
ചിരിച്ച് സ്വസ്ഥനായ്
പിരിഞ്ഞു പോം.

പലവഴിപോയി തിരിച്ചെത്തും
പണ്ട്‌ പറഞ്ഞ വാക്കുകള്‍.
മറവിയപ്പോഴും തുണയ്ക്കുണ്ടാകണം.

പഴികള്‍ക്കൊക്കെയും
പദവികല്‍പ്പിച്ച്
കനപ്പിച്ച്
കാവല്‍ കിടപ്പുണ്ടാകും
പകയും
ഓര്‍മ്മയും പരിചയിക്കയാല്‍
വിശന്നിട്ടും വാക്കുവിഴുങ്ങാതും
ഉള്ളില്‍ കടന്ന വാക്കുകള്‍ ദഹിക്കാതും
സ്വാസ്ഥ്യമൊടുങ്ങിപ്പോയവര്‍.

നിനക്കുപേക്ഷിക്കാം
പറഞ്ഞതൊക്കെയും.

നിശ്ശബ്ദതയ്ക്കേറെ
മുഴക്കമുണ്ടെന്ന്
തിരിച്ചെത്തും വാക്കു പറയും.
ഓര്‍മ്മകള്‍ ഒഴുക്കാകും
സംഘബലങ്ങളും നീയും
ഒഴുകിപ്പോം.

വാക്ക് സ്മൃതിതന്നെ
വിസ്മൃതി തന്നെ മൃതി.

Friday, August 16, 2013

അരൂപിയുടെ സൗഹൃദം

ഉള്ളുണങ്ങാത്ത മുറിവുപോലെ
അദൃശ്യം
ഓര്‍മ്മകളില്‍ അരൂപിയുടെ
സൗഹൃദം.
ആഴങ്ങളില്‍ പടര്‍ത്തുന്നു
ആഘോഷവേരുകള്‍
മരണം.
പണിതീരാത്ത ജീവന്റെ
ഏതോ നിലയില്‍ നിന്നു
ചിതറിവീണ്‌
ചിത്രത്തിലെ ചിരിയിലേക്ക്
ചുരുങ്ങുന്നു പരിചയം.

ചോരയില്‍ നിറം ചേര്‍ക്കുന്നു
ഉയരെപ്പാറും പതാകകള്‍.

കലാശംകൊട്ടി.
അരങ്ങത്ത്
വേഷക്കാരനൊറ്റയായ്‌.
ആടിത്തീരാ വിഷാദങ്ങള്‍
ചുട്ടികുത്താനൊരുക്കമായ്.

ഏറ്റം നല്ല പദമാടി
കൂട്ടുകാരീ പിരിഞ്ഞു നീ.
ഉള്ളരങ്ങത്തരൂപികള്‍
തുടരുന്നവ്യക്തമുദ്രകള്‍.

പേരോ മുഖമോ ഓര്‍മ്മയില്‍ ഇല്ലാത്ത, ഇനി ഒരിക്കലും കാണാനാകാത്ത, ആ കൂട്ടുകാരിക്ക്.

Saturday, July 20, 2013

ഫോണ്‍നമ്പര്‍

അടിയന്തിരം കഴിഞ്ഞു.
ആളുകള്‍ അകന്നു.
അക്കങ്ങളില്‍
മരണമില്ലാത്ത പത്തെണ്ണം
നിന്റെ പേരില്‍ ജീവിച്ചിരിക്കുന്നു.
ഓര്‍മ്മകളെ
മോര്‍ച്ചറിയെന്നു വിളിച്ച നീ
അക്കക്കൂട്ടത്തില്‍ കൂടി
എന്റെ ബാധയാകുന്നു.

നേരം തെറ്റിയോരു സ്പീഡ് ഡയലില്‍
നിന്റെ പേരിന്നു ജീവന്‍.
ജീവനുള്ളതെനിക്കെന്ന്
തെറ്റിതെളിയുമനിശ്ചയം.

യന്ത്രത്തിലേക്ക് നീട്ടിവച്ച ഓര്‍മ്മകള്‍ക്ക്
ഒറ്റബട്ടന്റെ ആയുസ്സ്
പാതിയുറക്കത്തിലും തിരയുന്നത്
പത്തക്കത്തിന്റെ കല്ലറയില്‍ നിന്നും
പുറത്തേയ്ക്ക് വഴിവയ്ക്കുന്ന
ഒറ്റബട്ടണാണ്‌.

Tuesday, May 28, 2013

മഴക്കാലങ്ങള്‍


2004-05
മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്.
അവള്‍ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്.

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങളാണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

2009
മഴയപ്പറ്റി കൂടുതലറിയാന്‍
കുടയില്ലാതെ സ്കൂളില്‍പ്പോയ
കുട്ടികളോട് ചോദിക്കാം
അടുപ്പൂതിത്തളര്‍ന്ന വീട്ടുകാരിയോട്
പനിച്ചു നില്‍ക്കുന്ന ആശുപത്രികളോട്
ആകാശവാണിയെ നിഷേധിച്ച്
കടലില്‍ പോയോരോട്
വഴിവെട്ടാന്‍ വന്ന വിടില്ലാത്തോരോട്
ചോദിക്കാം.
ഉപമകളും രൂപങ്ങളും ഇല്ലാത്ത
ഉല്പ്രേക്ഷച്ചേലില്ലാത്ത
ആശങ്കകളേറെയുള്ള
അകാല്പനികമായ മഴകൊള്ളാം.

ഒറ്റ ഫ്ലാഷിന്റെ നൊടിയില്‍
മഴ കോണ്ടുപോയ ഒരുവനുണ്ട്
അവനോടുള്ള ചോദ്യം
എന്നാലും ബാക്കിയാകും.

2013
ശ്വാസത്തേക്കാള്‍
വിശ്വാസത്തിലഭയം തേടുന്ന
കാല്പനികക്കളവുകളില്‍
മഴ മറ്റു പലതുമാകും
ഭൗതികപ്രതിഭാസം മാത്രമാണതെന്ന്
മറന്നു പോകും.
വീഞ്ഞിലേക്ക്
പരിണമിച്ചെന്ന
ജലത്തിന്റെ പുരാവൃത്തം പൂര്‍ത്തിയാകും.

ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

ജീവിതത്തേക്കാള്‍
അനിശ്ചിതമായ
ഭൗതികതയാണ്‌ മഴയെന്ന്
കാലാവസ്ഥകളുടെ
തിരക്കഥയെഴുതിത്തോറ്റ
നിരീക്ഷകര്‍ വിളിച്ചു പറയുന്നു.

ഗ്രീഷ്മമൂര്‍ച്ഛയില്‍
കറുക്കുന്നുണ്ട് മാനം.
പ്രതിഭകള്‍ക്കാഭാസത്തില്‍
പ്രതിചേര്‍ക്കാം
ഒടുക്കം പെയ്ത മുകിലിനെ.

ദാഹമെന്ന ഉണ്മയ്ക്ക്
ഉപമപ്പൊയ്ജലം
ഉത്തരമല്ലെന്ന്
മറക്കാം.

Tuesday, May 14, 2013

പോത്ത്

ചരിത്രക്കയത്തിലെ
പോത്തയവിറക്കുന്നു
പോയകാലങ്ങളെ.

കയത്തില്‍
തണുപ്പിന്റെ കുരുക്കിലേറെക്കാലം
കഴിഞ്ഞെന്നറിഞ്ഞത്
കരയ്ക്കു കേറുന്നു.
നുകം തഴച്ച കഴുത്ത്
നിവര്‍ത്തുന്നൂ.

കഥകളും കയറുമായി
വരുന്നൂ വിശുദ്ധിക്കൂട്ടം.
സിംഹത്തിന്നു തന്നുടല്‍ കൊടുത്തും
പശുവെക്കാക്കുന്നു കഥകള്‍. *
കയറുമായ് പോത്തിന്‍ പുറത്തു കേറുന്നു
യമം
ധര്‍മ്മം
പുണ്യപൗരാണികം.

ഇരുള്‍പ്പാടത്തൂന്ന്
പ്രാക്കിന്റെ ചാലുകള്‍
വിശുദ്ധവയലുകളിലേക്ക് തേവുന്നു
പോത്തിന്റെ വര്‍ത്തമാനം.

എത്ര അയവെട്ടിയിട്ടും ദഹിക്കുന്നില്ല
ഏറെ വെട്ടേറ്റ ചരിത്രക്കച്ചി.
........

*രഘുവംശത്തിലെ ദിലീപന്റെ കഥ.

Saturday, May 4, 2013

വൈകുന്നത്

മരിക്കാന്‍ താമസിച്ചതുകൊണ്ട് മാത്രം
മെനക്കെട്ട് ജീവിച്ചതാണ്‌
നരഗത്തിന്റെ കാവലേ
വൈകിയതിനു
വഴക്കു പറയരുത്‌
പുറത്ത് നിറുത്തരുത്.
മുന്നേ മരിച്ചൊരാളുടെ
കത്തുചോദിക്കരുത്.

കാരണങ്ങളില്‍
ഏത് രാശിക്ക് ചാവെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
ഉടലിന്റെ ഒരിക്കലൂണ്‌
ഉത്തമോത്തമമാക്കാന്‍ കൊതിച്ചതാണ്‌.
രതിയോ രണമോ അല്ലല്ലോ
മരണമല്ലേ
മറ്റൊന്നില്ലാത്തതല്ലേ
അങ്ങനെ വൈകിയതാണ്‌.

മരിച്ചകുട്ടിയെ*
മഴയത്ത് നിര്‍ത്തിയേടത്ത്
ശരിയായി മരിക്കാന്‍ വലിയ പാടാണ്‌.

കരച്ചിലൊന്നും കൂടെവരാത്തതിനു
കുറ്റപ്പെടുത്തരുത്.
കരയാഞ്ഞിട്ടല്ല
കരയിക്കാഞ്ഞിട്ടല്ല.
കൂട്ടുവെട്ടിപ്പൊന്നിട്ടുമല്ല.
പിന്നെന്തെന്ന് ചോദിക്കരുത്‌
അങ്ങനായിപ്പോയതാണ്‌.
നരഗത്തിന്റെ കാവലേ
പുറത്ത് നിറുത്തരുത്.

*മരിച്ചിട്ടും എന്റെ കുട്ടിയെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയത് എന്തിനാണ്‌"- ഈച്ചരവാര്യര്‍

Monday, March 25, 2013

ഹൗസ്ബ്യൂട്ടീഷന്‍

പായല്‍‌പ്പച്ചയോളം വരില്ല
പെയിന്റൊന്നും.
പക്ഷേ,
ശല്യപ്പായലുകളെ
പുരയ്ക്കുപുറത്താക്കാമെന്ന്‌ പരസ്യപ്പൂതി.
പുര നിന്റെ
പൂതികളും നിന്റെ
പണിക്കുവന്നവന്‍ പറയേണ്ടാത്തതാണ്‌
എന്നാലും,
ഇങ്ങനെ കോരിയൊഴിക്കണോ ഇക്കടുഞ്ചായം?
പെയിന്റല്ലല്ലോ വീടിന്റെ നിറം.

ആ നേരത്തേക്കെങ്കിലും
ഉള്ളില്‍ തോന്നാതെ
നടിക്കാനാവില്ല ഒരു പ്രണയവും.
പെയിന്റിംഗും അങ്ങനാണിഷ്ടാ
ഉള്ളിലെ പുരയ്ക്ക്
നിറം ചേര്‍ത്തല്ലാതെ
മിനുക്കാനാവില്ല ഒരു ചുമരും.

ജീവനും ഓര്‍മ്മകളും ഉണ്ടായിരുന്ന
ഒരു മരം തന്നാണ്
വതിലും ജനലുമായി
തുറന്നും അടഞ്ഞും നില്‍‌ക്കുന്നത്.
എത്ര പോളീഷിട്ടാലും
പോകാതെ അടയാളം വയ്ക്കും
ചില ഓര്‍മ്മക്കൊമ്പുകള്‍
വാതിലു വേണ്ടാത്ത വീടായിരുന്നില്ലേ
ആ മരം.

ചിന്തേര്‍ച്ചാലിനു മുകളിലൂടെ
മിനുക്കുകടലാസോടുമ്പോള്‍
മരം മാത്രമല്ല
ചൂടഞ്ചോറിനെപ്പേടിക്കും വിധം
ഉള്ളങ്കൈകൂടി അരഞ്ഞു മിനുങ്ങും.
ആരും കൊതിക്കുന്ന മിനുസക്കൈ
അങ്ങനെ കിട്ടിയതാണ്‌.

സ്നോസത്തില്‍ നിന്നു
ഇനാമലിലേക്കുള്ള ദൂരം
നമ്മുടെ വീടുകള്‍ക്കിടയില്‍.
നിറംകൊണ്ട് നീളമളക്കുന്നത്
പെയിന്റിംഗ് പണിക്കാരന്റെ പേറ്റന്റാണ്‌.

മങ്ങിയ വീടുകളെ
വെളിച്ചം മോറിമിനുക്കുമ്പോള്‍
വിറ്റൊഴിക്കാനാകാത്തൊന്ന്
ഉള്ളില്‍ പണിയുന്നുണ്ട്.
അതുകൊണ്ടാണ്
തച്ചുതീര്‍ത്തു പിരിഞ്ഞിട്ടും
മുന്‍ ചുവരിലെ ചളികണ്ട്
സങ്കടപ്പെട്ടത്.

ഒരു ബ്യുട്ടീഷനും
സ്വന്തം മുഖം മിനുക്കാറില്ല
അയാള്‍ക്കത് ഓര്‍മ്മ കാണില്ല.
നിറങ്ങളില്‍ ഓര്‍മ്മ നിലച്ച
പെയിന്റിംഗുകാര്‍ ഹൗസ്ബ്യൂട്ടീഷ്യരാണ്‌.
കരുതിവച്ച നിറമെല്ലാം
ധാരാളിയെപ്പോലെ കോരിക്കോടുത്ത്
ചായം ചേരാത്ത വീട്ടിലേക്ക്
ചോര്‍ന്നൊലിക്കുന്നു
നിറംകൊണ്ട് നീളമളക്കുന്ന
ഹൗസ്ബ്യൂട്ടീഷന്‍.  

ഹൗസ്ബ്യൂട്ടീഷന്‍ എന്ന പേരുണ്ടാക്കിയ നാഗഞ്ചേരിക്ക്.

Thursday, February 14, 2013

നിന്റെ പേരെഴുതുമ്പോള്‍ മാത്രം

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
കടലാസ് കാടാകുന്നു.
മരിച്ച ചെടികള്‍ക്ക്
മരത്തിനെ ഓര്‍മ്മ കിട്ടുന്നു.

ഗ്രീഷ്മത്തിന്റെ നെറ്റിയില്‍
ഒരു മേഘം ഉമ്മവയ്ക്കുന്നു.
മണ്ണിനു മഴയുടെ മണം കിട്ടുന്നു.

ആഴം തിന്ന വിത്ത്
മിഴിപ്പച്ചതുറക്കുന്നു.
ഒരിലയിലേക്കുദയസൂര്യന്‍ വരുന്നു.

ഓര്‍മ്മക്കബറിനുമുകളിലെ
മൈലാഞ്ചി പൂക്കുന്നു.
ചോരതൊടാതെ നഖം ചുവക്കുന്നു.

നിന്റെ പേരെഴുതുമ്പോള്‍ മാത്രം
എന്റെ മഷി വറ്റുന്നു.
വാക്ക്‌ അതിന്റെ വീടു തിരയുന്നു.
പ്രതിദ്ധ്വനിക്കാത്ത ശബ്ദത്തിനു
കാറ്റിന്റെ വണ്ടികിട്ടുന്നു.

Friday, January 4, 2013

സിനിമയായിരുന്നെങ്കി

സിനിമയായിരുന്നെങ്കി
ഒറ്റ സീനിലെ തരികിടകൊണ്ട്
ശരിപ്പെടുത്താമായിരുന്നു.
എഡിറ്റിംഗില്‍ ചുരുക്കാമായിരുന്നു.
ശുഭം എന്നെഴുതി
പര്യവസാസാനിപ്പിക്കാമായിരുന്നു.
വേണമെങ്കില്‍
ഒരു രണ്ടാംഭാഗവും എടുക്കാമായിരുന്നു.

ഇതിപ്പോള്‍
നമ്മള്‍ നമ്മുടെ മാത്രം ബാധ്യതയായ
ഒരെഡിറ്റിംഗിനും സാധ്യതയില്ലാത്ത
തിരക്കഥയില്ലാത്ത
തിക്കുമുട്ടലും തിരക്കുകളുമുള്ള
ജീവിതമായിപ്പോയി.

ഞാന്‍ ധീരനായകനോ
നീ ധീരനായികയോ
അല്ലാതായിപ്പോയി.
മറ്റൊരു ഭാഗത്തിനു
സാധ്യതയില്ലാതെപോയി.
നമ്മള്‍ ഇങ്ങനായിപ്പോയി.

ജീവിതമായിപ്പോയി
ഇങ്ങനായിപ്പോയി.

Blog Archive