Saturday, May 4, 2013

വൈകുന്നത്

മരിക്കാന്‍ താമസിച്ചതുകൊണ്ട് മാത്രം
മെനക്കെട്ട് ജീവിച്ചതാണ്‌
നരഗത്തിന്റെ കാവലേ
വൈകിയതിനു
വഴക്കു പറയരുത്‌
പുറത്ത് നിറുത്തരുത്.
മുന്നേ മരിച്ചൊരാളുടെ
കത്തുചോദിക്കരുത്.

കാരണങ്ങളില്‍
ഏത് രാശിക്ക് ചാവെന്ന്
തിരഞ്ഞ്‌ തിരഞ്ഞ്‌
ഉടലിന്റെ ഒരിക്കലൂണ്‌
ഉത്തമോത്തമമാക്കാന്‍ കൊതിച്ചതാണ്‌.
രതിയോ രണമോ അല്ലല്ലോ
മരണമല്ലേ
മറ്റൊന്നില്ലാത്തതല്ലേ
അങ്ങനെ വൈകിയതാണ്‌.

മരിച്ചകുട്ടിയെ*
മഴയത്ത് നിര്‍ത്തിയേടത്ത്
ശരിയായി മരിക്കാന്‍ വലിയ പാടാണ്‌.

കരച്ചിലൊന്നും കൂടെവരാത്തതിനു
കുറ്റപ്പെടുത്തരുത്.
കരയാഞ്ഞിട്ടല്ല
കരയിക്കാഞ്ഞിട്ടല്ല.
കൂട്ടുവെട്ടിപ്പൊന്നിട്ടുമല്ല.
പിന്നെന്തെന്ന് ചോദിക്കരുത്‌
അങ്ങനായിപ്പോയതാണ്‌.
നരഗത്തിന്റെ കാവലേ
പുറത്ത് നിറുത്തരുത്.

*മരിച്ചിട്ടും എന്റെ കുട്ടിയെ നിങ്ങള്‍ മഴയത്ത് നിര്‍ത്തിയത് എന്തിനാണ്‌"- ഈച്ചരവാര്യര്‍

2 comments:

ajith said...

ശരിയായി മരിയ്ക്കുന്നത് ഭാഗ്യമാണോ..??

ഇഗ്ഗോയ് /iggooy said...

ആയിരിക്കണം. തീര്‍ച്ചപ്പെടുത്താന്‍ മരിച്ചു നോക്കിയ ആരുടെയെങ്കിലും സാക്ഷ്യം വേണം.

Blog Archive