Monday, August 17, 2015

കിനാശ്ശേരി

അതിരുകൾകൊണ്ട്
രാഷ്ട്രങ്ങളെ ഉണ്ടാക്കുന്ന
കാർട്ടോഗ്രഫിക്ക് വഴങ്ങാത്ത,
ഭൂപടത്തിൽ ഇല്ലാത്ത
ഒരിടമുണ്ട്.

പെയ്യാക്കിനാക്കളുറഞ്ഞുരുവമാകും
മേഘരാജ്യമതെന്ന്
കാറ്റുകൾ അടക്കം പറയും.
പായ്ക്കപ്പലുകളുടെ പറുദീസയിലെ
അവസാന തുറമുഖമെന്ന്
കടൽ മൊഴിയും.
ഹൃദയത്തോടുപമിച്ച് ചേലുകളയാതെ
ചെമ്പരത്തികളെ പൂക്കാൻ വിടുന്ന
കാല്പനികരുടെ ദ്വീപാണതെന്ന്
ഞാൻ.
രൂപക്കൂടുകളുപേക്ഷിച്ച്
ആത്മാക്കൾ ചേക്കേറുന്ന കൂടെന്ന്
നീ.
അങ്ങനെ
രൂപകങ്ങളുടെ ഭാഷയിൽ
കിനാശ്ശേരി രൂപം കൊള്ളും.

മുമ്പില്ലാതിരുന്ന മുനമ്പുകളിലേക്ക്
വാക്കുകളുടെ മുന നീളും
വചനം സത്യമാകും
വെള്ളം വീഞ്ഞാകും
അരുതുകളുടെയുക്തിക്കപ്പുറത്തേയ്ക്ക്
വെയിൽ പരക്കും
ഭൂമിപൂക്കും.

ഭൂപടത്തിലില്ലാത്തിടങ്ങൾ
ഇല്ലാത്തതല്ലെന്നറിഞ്ഞ
കിനാശ്ശേരിക്കാരായ നമ്മൾ ചിരിക്കും.

2 comments:

ajith said...

നാമോരോരുത്തരും വല്ലപ്പോഴുമൊക്കെ അതിന്റെ ഉടമകളും

സജീവ്‌ മായൻ said...

നിശ്ശബ്ദതയിലേക്ക് ചൂണ്ടുന്ന വാക്കിന്‍റെ മുനയാണ്‌ ഈ കവിത!
ഇഗ്ഗോയ് നല്ല കവിതകളെ തിരയുന്നവന്‍ ഞാന്‍.................

Blog Archive