പല നിലകളില്‍
സമനിലയെത്തിരഞ്ഞ്
നിലതെറ്റുന്നതുകൊണ്ട്
ചിത്തഭ്രമത്തിനു ചായം കൊടുത്ത നീ
ചിരിച്ചെന്റുള്ളേറുന്നു.
രൂപകങ്ങളില്‍ കിരീടിയല്ലേ ചിരി.
നീരവ നിശീഥത്തെ
ഭ്രാന്തിന്റെ ഉദ്യാനത്തെ
നാദപാരമ്യത്തിന്റെ
നിറത്തില്‍ വരഞ്ഞു നീ.
നിലച്ച നാദത്തിന്റെ
നിറമോ നീല
നിന്റെ മുറിഞ്ഞ കാതിന്‍ മുദ്ര
പറയുന്നതെന്താണ്?
സൂര്യകാന്തിയെപ്പോലെ
ഗ്രീഷ്മത്തെ സ്നേഹിച്ച നീ.
മഴയ്ക്ക് കാതുരണ്ടും
മുറിച്ചു കൊടുത്ത ഞാന്‍.
നീ കടുംനിറത്തിന്റെ നിത്യകാമുകന്‍
ഞാന്‍ വെറും നിറക്കേടിന്‍ നാടക്കാരന്‍.
നമ്മള്‍ വെവ്വേറെ കാലത്തിന്റെ
ഉന്മത്തചൂതാട്ടക്കാര്‍.
എന്നിട്ടും നട്ടുച്ചയ്ക്ക് പൂക്കുന്ന
ഭ്രാന്തിന്‍ നീലപ്പൂക്കളില്‍
വിജനത്തില്‍ സംഗമിക്കുന്നൂ നമ്മള്‍.
കടപ്പാട്-
കാതുമുറിച്ച് പ്രേമഭാജനത്തിനു കൊടുത്തിട്ട്
ഒരു കോമാളിയെപ്പോലെ
ചോരയില്‍ കുളിച്ചു നിന്ന വാന്‍ഗോഗ്
എന്റെ ലില്ലിച്ചെടിയില്‍ പൂത്ത പൂവ്
നിന്റെ ഓര്‍മ്മയ്ക്കു ഞാനിറുക്കുന്നില്ല (വാന്‍ഗോഗിന് ഒരു ബലിപ്പാട്ട്) എന്നെഴുതിയ എ.അയ്യപ്പനും
3 comments:
വാന്‍ഗോഗ് ജീനിയസ്
"നീരവ നിശീഥത്തെ
ഭ്രാന്തിന്റെ ഉദ്യാനത്തെ
നാദപാരമ്യത്തിന്റെ
നിറത്തില്‍ വരഞ്ഞു നീ."
മനോഹരമായ ഭാഷ ,കവിത മനോഹരം ..തുടരുക
മനോഹരം... ഓരോ വരികളും അനശ്വരമായിത്തീരട്ടെ... വാൻഗോഗിനെപ്പോലെ...
Post a Comment