Saturday, January 24, 2009

ബാല്യം

കള്ളു കുടിക്കണ പള്ളു പറയണ
കാഞ്ഞിരച്ചോട്ടിലെ കല്ലയിരിക്കണ
കറുത്ത ദൈവങ്ങല്ള്‍ കാവലു നിക്കണ
കാവില്‍ തെഴുത്തതാണെന്റെ ബാല്യം.

കൂവയിലത്തളിര്‍ പീപ്പിയൂതി
കൊടിട്ത്തൂവപ്പടര്‍പ്പില്‍ പാഞ്ഞു കേറി
തെച്ചി,തൊണ്ടിപ്പഴങ്ങള്‍ പറിച്ച് ചൊറിഞ്ഞ്
തിണര്‍ത്ത് തടിച്ചതാണെന്റെ ബാല്യം.

കാറ്റില്‍ ഇല വാളു പോലെ വീശും
നെല്ലു പൂത്ത മണം മദം കൊണ്ട വരംബത്ത്
നെല്ലിപ്പൂപോലെ നിരന്ന കുറുംബിന്റെ
കൂട്ടുകാര്‍ ചേര്‍ന്നതാണെന്റെ ബാല്യം.

ഒറ്റാല് വച്ചു പിടിച്ച വരാലിനെ
ഒറ്റക്കുതിന്ന് തൂറ്റം പിടിച്ചൊക്കെയും
പങ്കിടാനുള്ളതാണെന്ന ബോധ്യം
ഉള്ളില്‍ ഊറിത്തെഴുത്തതാണെന്റ ബാല്യം.

പപ്പരപ്പന്തിന് തീകൊളുത്താന്‍
ഓല മച്ചിങ്ങ വച്ചു മിടഞ്ഞ് പുറം ചോന്ന
പൊള്ളിക്കുമോര്‍മ്മയാണെന്റെ ബാല്യം.

പാല്പ്പയസപ്രിയ ദേവന് പൂജക്ക്
പൂവിറുക്കന്‍ വന്ന പെണ്ണിന്റെ ചുണ്ടത്തെ
ചെംബരത്തിപ്പൂവ് ചോദിച്ചു വങ്ങിച്ച
സുന്ദരസ്വപ്നമാണെന്റ ബാല്യം.

Thursday, January 1, 2009

ഗലീലിയോക്ക്

ടെലിസ്കൊപ്പിന്ടെ
നാനൂറാം വാര്‍ഷികത്തില്‍
ഗലീളിയോക്ക് മുന്നില്‍
ആദരവോടെ
അഭിമാനത്തോടെ

ഒറ്റ നോട്ടം കൊണ്ട്
ചന്ദ്രോപമയില്‍
ശ്ലേഷം ചേര്‍ത്ത
പ്രിയപ്പെട്ട ഗലീലിയോ
"എങ്ങിലും കരങ്ങിക്കൊണ്ടേ ഇരിക്കുന്ന"
ഭൂമിയില്‍ നിന്ന്
ഇന്നും മാനത്തേക്ക് നോക്കുമ്പോള്‍
ഞാന്‍ മിഴിച്ചു നില്ക്കയാണല്ലോ.

Friday, June 27, 2008

അന്ധം

അന്ധമായതിനാലാവാം
എന്‍റ്റെ പ്രണയം
നിന്നെ കാണുന്നേ ഇല്ല,
നമുക്കിടയിലെ ദൂരം അറിയുന്നേ ഇല്ല,
ഏകദിശാപ്രയാണം നിര്‍ത്തുന്നെയില്ല.

Monday, June 23, 2008

രാധക്ക്

രാധികേ നിദ്രാടനം നിന്നെയിന്നുമാ നീല-
കടമ്പിന്‍ ചോട്ടിലൊറ്റക്കിരുത്തി മറയുമ്പോള്‍
രത്നഭൂഷിതം രാജമകുടം തളര്‍ത്തിയ
നഗ്നഗാത്രം ഞാന്‍ സ്നിഗ്ദ്ധശയ്യയില്‍ തനിച്ചല്ലോ.

രാജനീതികള്‍ ജരാസന്ധഭിഷ്ടഭീതികള്‍
പരിവേദനപാര്‍ഥസൗഹൃദ വിഷാദങ്ങള്‍
നഗരത്തിരക്കിന്റെ നരച്ച ചതുരത്തില്‍
നിഴല്‍ക്കുത്തൊരുക്കുന്ന നശിച്ച നിമിഷങ്ങള്‍
ഗോവും ഗോപികാവൃന്ദവൃന്ദാരണ്യവും  മൂര്‍ത്ത-
മാക്കിയ മുളന്തണ്ടും തോറ്റുപോമസ്വാസ്ഥ്യങ്ങള്‍.
അഴിച്ചെറിയാനാകുന്നില്ലല്ലോ വഴിക്കെന്നോ
എടുത്തണിഞ്ഞ നിത്യരക്ഷകപരിവേഷം.

യാദവന്‍ തെളിക്കണം സ്യന്ദനം സവ്യസാചീ-
യാത്രയില്‍ രക്തസ്നാത രാജനീതി ചൊല്ലണം.
ഭ്രാതൃഹത്യാപ്രേരിത പാപബോധത്തിന്‍ ശര-
ശയ്യയില്‍ മനസ്സുത്തരായനം തിരിയണം.

നിദ്രാഹീനമീ രാവിന്‍ നീലശയ്യയില്‍ ഭാവി-
വീഥിയില്‍ തെളിയുന്ന ദുരന്തം നടുക്കുമ്പോള്‍
ചമയങ്ങളില്‍ ഉഷ്ണം പുകയുമ്പോള്‍ ഞാനോര്‍‌മ്മ-
കാളിന്ദീയാഴങ്ങളില്‍ തണുപ്പു തിരയുന്നു.
മറന്നിട്ടില്ല, നമ്മള്‍ നടന്ന നടക്കാവിന്‍ തണലും
തണുപ്പത്തുതനിച്ചായപ്പൊള്‍ തന്ന മധുവും
കനല്‍മീതെ നടക്കുമ്പോഴീയോര്‍മ്മക്കുളിരേ കൂട്ട്
നീയീയകലം പൊറുക്കുക.

വേടശസ്ത്രാഗ്രം കഴിഞ്ഞൊരുനാള്‍ വരും, അന്ന്
കാളിന്ദി നമ്മോടസൂയാലുവായ് കലഹിക്കും...

Wednesday, June 18, 2008

സമര്‍പ്പണം

അഹം ബോധമേറ്റം വളര്‍ന്നൊടുവിലെല്ലാം
നശിചൊന്നുമില്ലാതിവന്‍ വന്നു നില്‍ക്കവെ
വരള്‍ച്ചുണ്ടിലക്ഷരത്തേന്‍തുള്ളിയിറ്റിച്ച
വാക്കിന്‍റ്റെ വിദ്യേ നിനക്കുനല്‍കാന്‍
അര്‍ഥശൂന്യമീ ഭിക്ഷാപാത്രത്തിലുണ്ടൊരുതുള്ളിതീര്‍ഥം
നിരാസം ലയിപ്പിച്ച പുണ്യം

വിറപൂണ്ട പാണിയിലെടുപ്പൂ വെറും മണ്ണില്‍ -
വീണെങ്കിലോ, വിതുമ്പുംചുണ്ടില്‍ നിന്‍റ്റെ-
പേരൂറുന്നു, ശ്രീയറ്റ ദേഹത്തിനിനി
സര്‍വമന്യം സമര്‍പ്പിപ്പതവസാനബിന്ദു
കൈ നീട്ടാം, കരം തട്ടി നീക്കാം തവേഛപോല്‍

Monday, June 16, 2008

പ്രണയം

ഭൂതകാലത്തില്‍ നിന്നും ഭാവിയിലേക്കുള്ള

പണി തീരാത്ത പാലം.

ആകുലതകളുടെ വര്‍ത്തമാനത്തില്‍ ഇടം നേടാന്‍

അതിനാകാതെപോയി.

തുറക്കുന്തോരും അടയുന്ന ഒറ്റവാതില്‍ മാത്രമുള്ള മുറി

അതിലകപ്പെട്ട കിനാവുകള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു

അവള്‍

ആഗ്രഹിക്കുന്നത് അവളെ ആണ്

ചുമരുകളുടെ ഈ കൂട്ടാതെ

സ്വപ്നങ്ങളുടെ മേല്‍കൂരയുള്ള

വീടാക്കി മാറ്റുന്നവളെ

ചെമ്പരത്തി

ഓര്‍മ്മയില്‍ വാടാത്തൊരു പൂവുണ്ടെനിക്ക് മാത്രം
നീട്ടാതെ ചുണ്ടത്തു നീ കാത്ത ചെമ്പരത്തി പൂ.

Tuesday, May 27, 2008

മുറ്റം

വീടിനും വഴിക്കും ഇടയിലെ നേര്‍ത്ത രേഖ
അമ്മയുടെ ച്ചുലിന്റെ അതിര്
പെങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും

മഴ

മഴ ഇഷ്ടമായതു കൊണ്ട്
എനിക്ക് കുട ഇല്ല
അവള്‍ക്ക് കുട ഉള്ളതിനാല്‍
ഞാന്‍ നനയാറില്ല.
ഇന്നും എനിക്ക് മഴ ഇഷ്ടമാണ്
അവള്ക്ക് കുട ഉണ്ട്
ഞാന്‍ നനയുകയാണ്

മഴ വെള്ളത്തില്‍ തെളിയുന്നത്
ശ്ലഥ ബിംബങ്ങള്‍ ആണ്
ഉള്ളില്‍ മഴ കനക്കുകയാണ്....

അര്‍ദ്ധനഗ്നതയുടെ അശ്ലീലവും
കരിമ്പന്‍ തിന്ന തുണിയുടെ
അസഹ്യതയുമായിരുന്നു
ഒറ്റയൂണീഫോംകാരന് മഴ.
എന്നാലും
കുടപ്പാതിയിലെ നനുത്ത ചൂടും
കാറ്റെടുത്ത കുടക്കീഴിലെ
മഴക്കൊയ്ത്തും
കാല്പനിക മഴയുടെ ചലച്ചിത്രങ്ങള്‍.
മാഞ്ഞുപോയ കുടച്ചിത്രങ്ങള്‍.

Blog Archive